ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
പാർലമെന്റിനു സമീപം ഒത്തുകൂടാനാണ് ആഹ്വാനം. നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഷിപ്പിംഗ് കണ്ടെയ്നറുകൾ ഉപയോഗിച്ച് പോലീസ് തടഞ്ഞു. മൊബൈൽ ഫോൺ സേവനങ്ങളും താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ടെന്ന് ഇസ്ലാമാബാദ് പോലീസ് അറിയിച്ചു.
കൂടാതെ വൻ പോലീസ് സംഘത്തെയും അർധസൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. പിടിഐയുടെ പ്രതിഷേധം നിയമ വിരുദ്ധമാണെന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. പൊതുജീവിതം തടസപ്പെടുത്താതെ ഇസ്ലാമാബാദിലെ ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് കോടതി നിർദേശിക്കുകയും ചെയ്തു.