മനില: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ വൻ തീപിടിത്തം. ആയിരത്തിലേറെ വീടുകൾ കത്തിനശിച്ചു. മൂവായിരത്തോളം പേർക്കു വീടുകൾ നഷ്ടപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
നിരവധിപ്പേർക്കു പൊള്ളലേറ്റു. കുടിയേറ്റക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. ദുരന്തബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
മനിലയിലെ ടോണ്ടോയിലെ ഇസ്ലാ പുട്ടിംഗ് ബാറ്റോ പ്രദേശത്താണു തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ എട്ടാടെയാണു സംഭവമുണ്ടായത്.
തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമനസേനയെ സഹായിക്കാൻ വ്യോമസേന രണ്ടു വിമാനങ്ങൾ വിന്യസിച്ചു. ഫയർ ബോട്ടുകളും ഉപയോഗിച്ചു. മനില മേഖലയിലെ മുഴുവൻ ഫയർ എഞ്ചിനുകളും തീ അണയ്ക്കാൻ എത്തി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.