ബറേലി: ഗൂഗിൾ മാപ്പിന്റെ തെറ്റായ നിർദേശത്തെത്തുടർന്ന് ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന പാലത്തിൽനിന്ന് കാർ നദിയിലേക്കുവീണ് മൂന്നു യുവാക്കൾ മരിച്ചു. ഫറൂഖാബാദ് സ്വദേശികളായ അമിത് കുമാർ, സഹോദരൻ വിവേക് കുമാർ, സുഹൃത്ത് കൗശൽ എന്നിവരാണു മരിച്ചത്. ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്.
വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കൾ. ശനിയാഴ്ച രാത്രി ബദൗണിലെ ഡാറ്റാഗഞ്ചിൽനിന്ന് ഫരീദ്പുരിലേക്കു കാറിൽ സഞ്ചരിക്കുകയായിരുന്നു. രാംഗംഗ നദിക്കു കുറുകെ നിർമാണത്തിലിരുന്ന പാലത്തിലേക്കു കയറിയ കാർ നദിയിലേക്കു പതിക്കുകയായിരുന്നു.
പാലത്തിന്റെ ഒരു വശത്ത് അപ്രോച്ച് റോഡ് നിർമിച്ചിട്ടില്ല. 50 അടിയോളം താഴ്ചയിലേക്കാണ് കാർ വീണത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണു യുവാക്കൾ യാത്ര ചെയ്തതെന്നു കുടുംബം പറയുന്നു. പണിതീരാത്ത പാലം അടച്ചിട്ടിരുന്നെങ്കിൽ ഈ അപകടം സംഭവിക്കുമായിരുന്നില്ലെന്നും കുടുംബം പറഞ്ഞു.
ശനിയാഴ്ച രാത്രി നടന്ന അപകടം ഞായറാഴ്ച പുലർച്ചെയാണു നാട്ടുകാർ അറിഞ്ഞത്. ഫരീദ്പുർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഈ വർഷമാദ്യമുണ്ടായ വെള്ളപ്പൊക്കത്തിൽ പാലത്തിന്റെ മുൻഭാഗം നദിയിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ ഈ മാറ്റം ജിപിഎസ് അപ്ഡേറ്റ് ചെയ്തിരുന്നില്ല.