തിരുവല്ല: തണല്‍മരം മുറിക്കാന്‍ വേണ്ടി കെട്ടിയ വടത്തില്‍ കഴുത്ത് കുരുങ്ങി കുടുംബത്തോടൊപ്പം ബൈക്കില്‍ യാത്ര ചെയ്ത യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കരാറുകാരനും തൊഴിലാളികള്‍ക്കുമെതിരേ കേസ്. തകഴി കുന്നുമ്മ കുറുപ്പന്ചേരിച്ചിറയില് കെ. എസ്. സിയാദാണ് (32) ഇന്നലെ വൈകുന്നേരം മുത്തൂര്‍ – കുറ്റപ്പുഴ റോഡിലുണ്ടായ അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.
ഒപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഭാര്യ സീനമോള്, മക്കളായ സീഹാന്‍, നൂര്സിസ എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് മുത്തൂര്‍ – കുറ്റപ്പുഴ റോഡില്‍ മുത്തൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂളിനു സമീപമായിരുന്നു അപകടം. സ്കൂള്‍ വളപ്പില്‍ അപകടകരമായി നിന്ന മരങ്ങള്‍ മുറിക്കുന്നതിനു കരാര്‍ നല്‍കിയിരുന്നു.
മരം മുറിക്കുന്നതിനിടെയുള്ള അപകടം ഒഴിവാക്കാന്‍ ഗതാഗതം തടഞ്ഞ് റോഡില്‍ കുറുകെ കെട്ടിയിരുന്ന കയറില്‍ സിയാദും കുടുംബവും സഞ്ചരിച്ച ബൈക്ക് പെടുകയായിരുന്നു. സിയാദിന്റെ കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്ക് മറിഞ്ഞു.മരത്തില്‍ നിന്നു റോഡിന്റെ എതിര്‍വശത്തേക്ക് താഴ്ത്തിക്കെട്ടിയ വടത്തില്‍ സിയാദും കുടുംബവും യാത്ര ചെയ്തിരുന്ന ബൈക്ക് കുരുങ്ങുകയായിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
ഭാര്യക്കും കുട്ടികള്‍ക്കും നിസാര പരിക്കാണുള്ളത്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു സിയാദം. കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടപ്പെട്ടത്.അതിദാരുണമായ സംഭവത്തിന്റെ ഞെട്ടലിലാണു മുത്തൂര്‍ ഗ്രാമം. സ്കൂള്‍ വളപ്പിലെ മരം മുറിക്കാന്‍ തിരുവല്ല നഗരസഭയാണ ്കരാര്‍ നല്‍കിയത്. എന്നാല്‍ മരം മുറിക്കുന്ന വിവരം കരാറുകാരന് നഗരസഭയെയെ പോലീസിനെയോ പൊതുമരാമത്ത് വകുപ്പിനെയോ അറിയിച്ചില്ല. എംസി റോഡിനെ തിരുവല്ല – മല്ലപ്പള്ളി റോഡും റെയില്‍വേ സ്റ്റേഷനുമൊക്കെയായി ബന്ധിപ്പിക്കുന്ന തിരക്കുള്ള പാതയില്‍ ഗതാഗതം തടയേണ്ടത് പൊതുമരാമത്ത് വകുപ്പാണ്.
എന്നാല്‍ ഇക്കാര്യം അവര്‍ അറിഞ്ഞതേയില്ല. കരാര്‍ നല്കിയ നഗരസഭയും ഇക്കാര്യത്തില്‍ മൗനം പാലിച്ചു.കരാറുകാരനും തൊഴിലാളികള്‍ക്കുമെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആറു പേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.