വളരെ പ്രതീക്ഷയോടെയാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. എന്നാൽ മുഹൂർത്തത്തിനു തൊട്ട് മുൻപ് വിവാഹം മുടങ്ങുന്ന അവസ്ഥ ഉണ്ടായാലോ? ചിന്തിക്കാൻ പോലും സാധിക്കില്ല. അത്തരത്തിലൊരു സംഭവമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗോരഖ്പൂരിലെ ഷാഹ്പൂരിലാണ് സംഭവം.
കല്യാണ ദിവസം വധുവും വരനും മണ്ഡപത്തിലേക്ക് കടക്കുന്ന സമയത്ത് പെട്ടന്നതാ പോലീസെത്തി. പോലീസിനെ കണ്ടതോടെ എല്ലാവരും കാര്യം എന്താണെന്ന് അറിയാനുള്ള തിടുക്കത്തിലായി. അപ്പോഴാണ് വരന്റെ പൂർവ കാല ചരിത്രം പോലീസ് പറയുന്നത്.
ഗോരഖ്പൂരിലെ ബിച്ചിയ സ്വദേശിയായ മഹേന്ദ്ര രാജ് ആയിരുന്നു ആ വിവാഹത്തിലെ വരന്. ഇയാൾ കഴിഞ്ഞ ഏഴ് വർഷമായി ഷാഹ്പൂർ സ്വദേശിനിയായ ഒരു യുവതിയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. എന്നാൽ പുതിയ കല്യാണ്‍ ആലോചന വന്നതോടെ ഇയാൾ യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതറിഞ്ഞ യുവതി ഇയാൾക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചു. അതോടെ കല്യാണത്തിന് അണിഞ്ഞൊരുങ്ങി വന്ന മഹേന്ദ്ര രാജ് പിടിയിലുമായി.
പോലീസിൽ നിന്നും സത്യം മനസിലാക്കിയ വധുവിന്റെ വീട്ടുകാർ ആകട്ടെ വിവാഹത്തിൽ നിന്നും പിൻമാറി. മഹേന്ദ്രയെ കസ്റ്റഡിയില്‍ എടുത്തെന്നും ഇയാൾക്കെതിരേ വിവാഹ തട്ടിപ്പിന് കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.