കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായിരുന്ന യുവതിക്ക് വീണ്ടും മർദനം. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്ക്.
രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍ വച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി ആംബുലന്‍സില്‍ വെച്ചും മര്‍ദിച്ചെന്നും തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നുമാണ് യുവതി പൊലീസിന് നല്കിയ മൊഴി.
അതേസമയം, തിങ്കളാഴ്ച രാത്രി മൊഴിയെടുക്കാൻ പോലീസ് എത്തിയപ്പോൾ പരാതി ഇല്ലെന്നാണ് യുവതി പറഞ്ഞത്. അച്ഛനും അമ്മയും വന്നാല്‍ സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങിപ്പോകണമെന്നും പോലീസിന് ഇവര്‍ എഴുതി നല്കി. പന്തീരാങ്കാവിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സഹായിക്കണമെന്നും പോലീസിനോട് യുവതി ആവശ്യപ്പെട്ടു.
സംഭവത്തിൽ യുവതിയുടെ ഭർത്താവ് രാഹുലിനെ പന്തീരാങ്കാവ് പോലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. യുവതിയുടെ മാതാപിതാക്കളേയും പോലീസ് വിവരമറിയിച്ചു.
നേരത്തെ, പെണ്‍കുട്ടി നൽകിയ ഗാർഹിക പീഡനക്കേസ് റദ്ദാക്കിയത് ഹൈക്കോടതിയിരുന്നു. കേസ് റദ്ദാക്കണമെന്ന രാഹുൽ ഗോപാലിന്റെ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.