അമേരിക്കയിലെ ന്യൂഹാംഷെയറിലുള്ള ഒരു പ്രാദേശിക മൃഗസംരക്ഷണകേന്ദ്രം അധികൃതർ നാട്ടുകാരോടു വിചിത്രമായ അഭ്യർഥന നടത്തിയിരിക്കുകയാണ്. മൃഗസംരക്ഷണകേന്ദ്രത്തിൽ എലികൾ പെരുകിയിരിക്കുകയാണെന്നും അവയെ സംരക്ഷിക്കാൻ നാട്ടുകാർ സഹായിക്കണമെന്നുമാണ് അഭ്യർഥന. എലികൾക്ക് നല്ല ഭക്ഷണവും ആവശ്യമായ സൗകര്യങ്ങളും ഒരുക്കാൻ തങ്ങൾക്കു സാധിക്കുന്നില്ലെന്നും നാട്ടുകാരുടെ സഹായങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അധികൃതരുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എല്ലാ എലികളെയും ഒരുമിച്ചാണു നിലവിൽ പാർപ്പിച്ചിരിക്കുന്നത്. അവയെ മാറ്റിപ്പാർപ്പിക്കാൻ കൂടുതൽ ഗ്ലാസ് ടാങ്കുകൾ വേണം. കൈവശമുള്ളവർ അവ നൽകണമെന്നു മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനു വേണ്ടിയുള്ള ന്യൂ ഹാംഷെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ലിസ ഡെന്നിസൺ പോസ്റ്റിൽ കുഛിച്ചു.
ഒരാൾ ഓമനിച്ചു വളർത്തിയ ഏകദേശം 450 എലികളെ മൃഗസംരക്ഷണകേന്ദ്രത്തിൽ ഏല്പിച്ചതാണു പുലിവാലായത്. ഈ എലികൾ പ്രസവിച്ചു തുടങ്ങിയതോടെ എണ്ണം വർധിച്ചു. അനുദിനമെന്നോണം എണ്ണം കൂടുകയുമാണ്. അതിനിടെ ആദ്യം എലികളെ എത്തിച്ചയാൾ 500 എലികളെ കൂടി എത്തിക്കാൻ ഒരുങ്ങുകയാണെന്നും പറയുന്നു. തള്ളാനും പറ്റില്ല, കൊള്ളാനും പറ്റില്ല എന്ന അവസ്ഥയിലാണു മൃഗസംരക്ഷണകേന്ദ്രം അധികൃതർ.