ഐപിഎൽ താരലേലത്തിൽ ചരിത്രം കുറിച്ച പതിമൂന്നുകാരൻ വൈഭവ് സൂര്യവംശി. ഐപിഎൽ ലേലത്തിൽ ഒരു ടീം എടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡിലാണ് വൈഭവ് എത്തിയത്. 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് കൗമാരതാരത്തെ സ്വന്തമാക്കിയത്. രാജസ്ഥാനൊപ്പം ഡൽഹി ക്യാപിറ്റൽസും വൈഭവിനെ സ്വന്തമാക്കാൻ ലേലം വിളിയിലുണ്ടായിരുന്നു.
അവസാനം രാജസ്ഥാൻ ജയിക്കുകയായിരുന്നു. 2023-24 രഞ്ജി ട്രോഫിയിൽ ഈ ജനുവരിയിൽ ബിഹാറിനായി മുംബൈയ്ക്കെതിരേ അരങ്ങേറ്റം കുറിച്ചപ്പോൾ 12 വയസും 284 ദിവസുമായിരുന്നു പ്രായം. ഇതിലൂടെ ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കർ (15 വർഷവും 57 ദിവസവും), യുവരാജ് സിംഗ് (15 വർഷവും 230 ദിവസവും) എന്നിവരുടെ റിക്കാർഡാണ് തകർന്നത്.
അണ്ടർ 19 യൂത്ത് ലെവൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടിയ കളിക്കാരനെന്ന റിക്കാർഡിനുടമയാണ്. ഓസ്ട്രേലിയയ്ക്കെതിരേ ചെന്നൈയിൽ നടന്ന മത്സരത്തിൽ 62 പന്തിൽനിന്ന് 104 റണ്‍സ് നേടിയിരുന്നു. 58 പന്തിൽനിന്നാണ് സൂര്യവംശി സെഞ്ചുറി നേടിയത്.
170 വർഷത്തെ ചരിത്രമുള്ള കോപറ്റെറ്റീവ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തിൽ സെഞ്ചുറി നേടുന്ന യുവതാരമെന്ന റിക്കാർഡുമുണ്ട്. കൂടാതെ യൂത്ത് ലെവലിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടി ഇന്ത്യക്കാരനെ റിക്കാർഡുമുണ്ട്.