ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് വ്യാപക അക്രമം. സന്യാസിയുടെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ അഭിഭാഷകൻ കൊല്ലപ്പെട്ടു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറും ചാട്ടോഗ്രാം ഡിസ്ട്രിക്റ്റ് ബാർ അസോസിയേഷൻ അംഗവുമായ 35 കാരനായ സെയ്ഫുൾ ഇസ് ലാമാണു കൊല്ലപ്പെട്ടത്.
പ്രതിഷേധക്കാർ അഭിഭാഷകനെ തന്റെ ചേംബറിന് താഴെനിന്നു വലിച്ചിഴച്ചുകൊണ്ടുപോയി കൊന്നുവെന്ന് ചിറ്റഗോംഗ് ലോയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നസിം ഉദ്ദീൻ ചൗധരി പറഞ്ഞു. സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ബംഗ്ലാദേശ് സമ്മിലിറ്റ് സനാതൻ ജാഗരൺ ജോട്ടെയുടെ വക്താവാണ് അറസ്റ്റിലായ ചിൻമോയ് കൃഷ്ണ ദാസ്.
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന പ്രതിഷേധത്തിനിടെ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹം നിലവിൽ റിമാൻഡിലാണ്.