അന്പലപ്പുഴ: വിരമിച്ച ജീവനക്കാരിക്ക് പെൻഷൻ ആനുകൂല്യം നൽകിയില്ല. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിനു മുന്നിൽ സിപിഎം നേതാവിന്റെ ഭാര്യയുടെ സത്യഗ്രഹം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അഞ്ജലിയിൽ അശോകന്റെ ഭാര്യ തുളസിയാണ് കരുമാടി സഹകരണ ബാങ്കിനു മുന്നിൽ സത്യഗ്രഹമിരുന്നത്.
സിപിഎം അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റിയംഗവും കട്ടക്കുഴി പികെസി ബ്രാഞ്ച് സെക്രട്ടറിയുമായ അശോകന്റെ ഭാര്യ തുളസി ബാങ്കിൽ സെയിൽസ് ഗേളായി പ്രവർത്തിക്കുകയായിരുന്നു. ഈ വർഷം മേയ് 30ന് വിരമിച്ച ഇവർക്ക് പിഎഫിൽനിന്ന് 31, 260 രൂപ നൽകി. കൂടാതെ 1,17,419 രൂപയുടെ ചെക്കും നൽകി. മറ്റ് ആനുകൂല്യങ്ങളുൾപ്പെടെ ലഭിക്കാനുള്ള അഞ്ചര ലക്ഷം രൂപയ്ക്കായി പലതവണ ബാങ്കിൽ കയറിയിറങ്ങി. ഒടുവിൽ പണം ലഭിക്കാതെ വന്നപ്പോൾ അമ്പലപ്പുഴ പോലീസിൽ പരാതിയും നൽകി. ഇതേത്തുടർന്ന് 15 ദിവസത്തിനുളളിൽ പണം നൽകാമെന്ന് ബാങ്ക് ഭരണ സമിതിയ അധികൃതർ പോലീസിന് ഉറപ്പ് നൽകി.
എന്നാൽ പല തവണയായി 3 ലക്ഷം രൂപ മാത്രമാണു നൽകിയത്. ശേഷിക്കുന്ന പണം ഭരണസമിതി തെരഞ്ഞെടുപ്പിനു ശേഷം നൽകാമെന്ന് അധികൃതർ പറഞ്ഞെങ്കിലും നൽകിയില്ല. ഇതോടെ ഒരാഴ്ച മുൻപ് തുളസി ബാങ്കിന് മുന്നിൽ കുത്തിയിരുന്നപ്പോൾ രണ്ടു ദിവസത്തിനുള്ളിൽ പണം നൽകാമെന്ന് പറഞ്ഞു.
ഇതു വിശ്വസിച്ച് മടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് ഇവർ വീണ്ടും ബാങ്കിന് മുന്നിൽ സത്യഗ്രഹമിരുന്നത്. 40 വർഷമായി സിപിഎം ഭരിക്കുന്ന ബാങ്കിൽ ഭരണസമിതിക്കെതിരെ നേരത്തേയും വിരമിച്ച ജീവനക്കാർ ആരോപണം ഉന്നയിച്ചിരുന്നു. സിപിഎം അമ്പലപ്പുഴ മുൻ ഏരിയ സെക്രട്ടറി ഡി. മണിച്ചന്റെ ഭാര്യയും പെൻഷൻ ആനുകൂല്യം ലഭിക്കാഞ്ഞതിനെത്തുടർന്ന് ബാങ്കിനു മുന്നിൽ സമരം നടത്തിയിരുന്നു.