തിരുവനന്തപുരം/പത്തനംതിട്ട: ശബരിമലയിലെ പതിനെട്ടാം പടിയിൽ ശ്രീകോവിലിനു പുറംതിരിഞ്ഞുനിന്ന് പോലീസുകാർ ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ 23 പോലീസുകാർക്കെതിരേ നടപടി. വിവാദത്തിൽ അകപ്പെട്ട എസ്എപി ക്യാമ്പിലെ പോലീസുകാരെ കണ്ണൂർ കെഎപി -4 ക്യാമ്പിലേക്ക് തീവ്രപരിശീലനത്തിന് അയച്ചു.
നല്ലനടപ്പിന്റെ ഭാഗമായാണ് നടപടി. തീവ്രപരിശീലനത്തിനുശേഷം ഇവരെ ശബരിമലയിൽ ശുചീകരണപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന വിശുദ്ധിസേനയ്ക്കൊപ്പം നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. തീവ്രപരിശീലന കാലയളവില്‍ പോലീസുകാര്‍ക്ക് അവധിയടക്കം നിഷേധിക്കപ്പെടാം.
എഡിജിപി എസ്. ശ്രീജിത്ത് ആണ് നടപടി സ്വീകരിച്ചത്. വിഷയത്തിൽ ഡിജിപി എഡിജിപിയോട് റിപ്പോർട്ട് തേടിയതിനു പിന്നാലെ സന്നിധാനം സ്പെഷല്‍ ഓഫിസര്‍ കെ.ഇ. ബൈജുവിനോട് എഡിജിപി റിപ്പോര്‍ട്ട് തേടിയിരുന്നു. ശബരിമല ഡ്യൂട്ടിക്കു ശേഷം ആദ്യ ബാച്ചിലെ പോലീസുകാരാണു പതിനെട്ടാംപടിയിൽനിന്ന് ഫോട്ടോ എടുത്തത്. ഹൈക്കോടതിയും ഈ വിഷയത്തിൽ റിപ്പോർട്ട് തേടിയിരുന്നു.
ആചാരലംഘനമാണെന്ന് അറിയില്ലായെന്നാണ് ഭൂരിഭാഗം പേരും മേലുദ്യോഗസ്ഥരെ അറിയിച്ചത്. എന്നാല്‍ ഈ വിശദീകരണം അംഗീകരിക്കപ്പെട്ടില്ല. പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞു നിന്ന് ഫോട്ടോ എടുത്തത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിമർശനം ഉയർന്നിരുന്നു. പോലീസുകാര്‍ക്കെതിരേ വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തി. സംഭവത്തിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രതിഷേധിച്ചു.
മേൽശാന്തിയും തന്ത്രിയുമടക്കമുള്ള ആചാര്യന്മാർ പോലും നടയടച്ച് ഇറങ്ങുമ്പോൾ പുറകോട്ടാണ് ഇറങ്ങുന്നത്. ആചാരലംഘനം നടത്തിയ ഉദ്യോഗസ്ഥന്മാർക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്നും അയ്യപ്പ വിശ്വാസികളായ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും കേരള ക്ഷേത്രസംരക്ഷണ സമിതിയും ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിനുശേഷം പോലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഒരു മണിക്ക് നടയടച്ചശേഷം പതിനെട്ടാംപടിയുടെ താഴെ മുതൽ മുകളിൽവരെ വരിവരിയായി നിന്നാണ് പോലീസുകാർ ഫോട്ടോയെടുത്തത്. പതിനെട്ടാംപടി ഡ്യൂട്ടിക്കാണ് ഇവരെ നിയോഗിച്ചിരുന്നത്. തിരക്ക് നിയന്ത്രണത്തിനും കൂടുതല്‍ പേരെ പതിനെട്ടാംപടി കയറ്റുന്നതിലും പോലീസിന്റെ പ്രവര്‍ത്തനം പൊതുവേ പ്രശംസിക്കപ്പെട്ടിരുന്നു. ഇതിനിടയിലെ ഫോട്ടോ ഷൂട്ട് വിവാദം കല്ലുകടിയായി.