തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ തന്നെ തുടരട്ടെയെന്ന നിലപാടിൽ കേന്ദ്രനേതൃത്വം. ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അധ്യക്ഷനെ മാറ്റേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പ് വരെ സുരേന്ദ്രൻ തുടരട്ടെയെന്നും കേന്ദ്ര നേതൃത്വം നിലപാടെടുത്തു.
പാലക്കാട്ടെ തോൽവി സംബന്ധിച്ച് സുരേന്ദ്രൻ നൽകിയ റിപ്പോർട്ട് അംഗീകരിച്ച കേന്ദ്ര നേതൃത്വം ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ വിവാദങ്ങൾ വേണ്ടെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഉപതെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ സംഘടനാ ഘടകങ്ങളിൽ ഉന്നയിക്കണമെന്നും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.
പരസ്യപ്രസ്താവന നടത്തിയാൽ അച്ചടക്ക ലംഘനമായി കണക്കാക്കും. സുരേന്ദ്രന് രാജി സന്നദ്ധത അറിയിച്ചിരുന്നു. പാലക്കാട്ട് നേരിട്ട തിരിച്ചടിയെത്തുടർന്ന് പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്നും എം.ടി.രമേശ്, പി.കെ.കൃഷ്ണദാസ്, എ.എന്‍.രാധാകൃഷ്ണന് എന്നിവര്‍ വിട്ടുനിന്നതും ശ്രദ്ധേയമായിരുന്നു.