കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. യുവതിയുടേത് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഫസീലയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
അതേസമയം, യുവതിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് സംസ്ഥാനം വിട്ടതായി സൂചന. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. തിരുവില്വാമല സ്വദേശി സനൂഫ് ആണ് യുവതിയോടൊപ്പം ലോഡ്ജിൽ എത്തി മുറിയെടുത്തത്.
അതേസമയം, സനൂഫ് ഉപയോഗിച്ച കാര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്കൂളിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നലെ രാത്രി കണ്ടെത്തി. വണ്ടിയുടെ നമ്പര്‍ കണ്ടാണ് തിരിച്ചറിഞ്ഞത്.
മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല (35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. ഫസീല മരിച്ചതോടെ മുങ്ങിയതാവാമെന്നാണ് കരുതുന്നത്.
സനൂഫ് ലോഡ്ജില്‍ കൊടുത്ത ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി. ഇയാള്‍ വന്ന കാറും മറ്റൊരാളുടേതാണെന്ന് പോലീസ് പറഞ്ഞു. മുറിക്കകത്ത് ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നുമില്ല. രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല.
വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്. സനൂഫിന്റെ പേരില്‍ ഫസീല ഒറ്റപ്പാലത്ത് നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. വീണ്ടും അയാളുമായി സൗഹൃദത്തിലാവുകയായിരുന്നു. സനൂഫ് ലോഡ്ജില്‍ നല്കിയ മേല്‍വിലാസത്തിലല്ല അയാള്‍ താമസിച്ചിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.