കോട്ടയം: 1926 മോഡല്‍ ബെന്റ്ലി കാര്‍. 96 വര്‍ഷം പ്രായവും പഴക്കവും ഇവനൊരു പ്രശ്നമേയല്ല. ശരം വിട്ടപോലെയുള്ള കുതിപ്പിനും സ്റ്റൈലന്‍ നില്പ്പിനും ഘടഘടാ ശബ്ദത്തിനുമൊക്കെയുണ്ട് ഒരു തറവാടിത്തം. ബെന്റ്ലി, ലഗോണ്ട, ആല്‍വിസ് തുടങ്ങി 15 രാജ്യങ്ങളിൽ നിന്നുള്ള കാഴ്ചയില്‍ കൗതുകം തോന്നിക്കുന്ന 19 വിന്റേജ് കാറുകളുടെ റാലി കുമരകത്തുനിന്നു തേക്കടിയിലേക്ക് പോയി.
വിദേശികളും സ്വദേശികളുമായ വാഹനക്കമ്പക്കാരാണ് 14നു ഗോവയില്‍ തുടങ്ങി ഡിസംബര്‍ ഒന്നിന് ചെന്നൈയില്‍ അവസാനിപ്പിക്കുന്ന റാലി സംഘത്തിലുള്ളത്. ബ്രിട്ടണ്, അമേരിക്ക, ഫിന്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, അയര്‍ലണ്ട്, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ് എന്നിവിടങ്ങളില്നിന്നൊക്കെയുള്ളതാണ് ഈ വാഹനങ്ങളും സാരഥികളും. എഴുപതും എണ്‍പതും വയസു കഴിഞ്ഞിട്ടും ലോകപര്യടനത്തില്‍ ഓരോ വര്‍ഷവും ഇവര്‍ക്കു കമ്പം കൂടുകയാണ്.
ആല്‍വിസ് (1933 മോഡല്‍), മോഡല്‍ ഷെവര്‍ലെ(1939), മോഡല്‍ സിട്രോയന്‍ ട്രാക്ഷന്‍ (1947), ഷെവര്‍ലെ ഫ്ളീറ്റ് മാസ്റ്റര്‍ (1947), ബെന്റ്ലി (1952), മോഡല്‍ ലാന്‍ഡ് റോവര്‍ (1955), ഡോഡ്ജ് സബേര്‍ബന്‍ (1956), ജാഗ്വാര്‍ (1962), മെഴ്സിഡെസ് ബഗോഡെ (1968) അല്‍ഫാ റോമിയോ (1969) തുടങ്ങി കൊമ്പന് ലുക്കുള്ള വമ്പന്‍ വണ്ടികള്‍. ഒന്നു പോറാന് പോലും അനുവദിക്കാതെ പൊന്നുപോലെ പോറ്റുന്ന വാഹനങ്ങള്‍ കോടികള്‍ കിട്ടിയാലും കൊടുക്കില്ല. സ്വന്തം വണ്ടിയെ പിരിഞ്ഞിരിക്കാന്പോലും പറ്റാത്തവരാണ് ടീമിലെ ഓരോരുത്തരും.
മ്യാന്മറില് തുടക്കമിട്ട കൂട്ടായ്മ
പൗരാണിക വാഹനങ്ങളുമായി 2013ല്‍ മ്യാന്മറിലാണു റാലിക്കു തുടക്കമിട്ടത്. അഞ്ചു ഭൂഖണ്ഡങ്ങളിലുമായി 12 റാലികള്‍ വിജയകരമായി പൂര്‍ത്തിയാക്കി. പ്രായം പറയാന്‍ ഒരു മടിയുമില്ലാത്ത സുന്ദരികളും സുന്ദരന്മാരുമായ കാറുകളുമായി ലോകം കാണുകയും യാത്ര ആസ്വദിക്കുകയുമാണ് ഈ സഞ്ചാരികള്‍. ഒരു വര്‍ഷം മൂന്നു റാലികള്‍ വരെ പല രാജ്യങ്ങളിലായി നടത്തുന്നുണ്ട്. അടുത്ത റാലി ഫെബ്രുവരിയിൽ ശ്രീലങ്കയിലാണ്.
ഇന്ത്യയിലെ ഡ്രൈവിംഗ്
ഇന്ത്യയില്‍ ഇതാദ്യമായാണ് പര്യടനം. ഇന്ത്യയില്‍ വാഹനം ഓടിക്കുന്നവര്‍ക്കു ലോകത്തെവിടെയും വണ്ടിയോടിക്കാന്‍ പറ്റുമെന്നു ബെല്‍ജിയംകാരി ഇസബെല്ല റോമ അഭിപ്രായപ്പെട്ടു.
ഈ പൗരാണിക അഢ്യവാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ് ഇന്ത്യയില്‍ കിട്ടാനില്ലെന്നതു വലിയ പരിമിതിയാണെന്നു ടീമിലെ മെക്കാനിക്കും ന്യൂസിലന്ഡുകാരന് പാബ്ലെ റാബെ പറഞ്ഞു. അതിനാല്‍ രണ്ടു കാറുകള്‍ റാലിക്കിടെ ഓട്ടം നിർത്തി വര്‍ക്ക് ഷോപ്പിലാക്കേണ്ടിവന്നു. കപ്പലിലാണ് കാറുകള്‍ ഓരോ രാജ്യങ്ങളിലും എത്തിക്കുന്നത്.
ഭക്ഷിണേന്ത്യന്‍ റോഡ് ക്ലാസിക്
കുമരകം ലേക്ക് റിസോര്‍ട്ടിലെത്തി ഒരു ദിവസം വിശ്രമിച്ച സംഘാംഗങ്ങള്‍ ഇന്നലെ രാവിലെയാണു കുമരകത്തുനിന്നു യാത്ര പുനരാരംഭിച്ചത്. തേക്കടിയിലേക്കാണ് സംഘം പോകുന്നത്. പഴയ കാറില്‍ യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഓള്‍ഡ് ഈസ് ഗുഡ് ‘ എന്നാണ് സംഘത്തിലെ മുതിര്‍ന്ന വ്യക്തിയുടെ ചെറുപുഞ്ചിരിയോടെയുള്ള ഉത്തരം.
വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഒത്തുചേര്‍ന്നു നടത്തുന്നയാത്രയ്ക്ക് ഭക്ഷിണേന്ത്യന്‍ റോഡ് ക്ലാസിക് എന്നാണവര്‍ നാമകരണം ചെയ്തിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളില്കൂടിയുള്ള യാത്രക്ക് എത്തിച്ചിരിക്കുന്നത് 22 കാറുകളാണ്.
സംഘത്തില്‍ 44 അംഗങ്ങളാണുള്ളത്. ഫിന്‍ലന്‍ഡ്, യുകെ, ദക്ഷിണാഫ്രിക്ക, ജര്‍മനി, ഇറ്റലി, നെതര്‍ലാന്‍ഡ് തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരാണ് സംഘത്തിലുള്ളത്. റോജര്‍ അലന്, മാഗി ഗ്രേ, ജോണ്‍ ബാസ്റ്റിയന്‍, റോസ്ലിന് തുടങ്ങിയവരുടെ നേതൃത്വം നല്‍കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ വിവിധ മോഡലുകളിലുള്ള വാഹനങ്ങളിലാണ് യാത്ര. കാറുകള്‍ കപ്പലിലാണ് ഗോവയില്‍ എത്തിച്ചത്. സന്ദര്‍ശനാനന്തരം ചെന്നൈയില്‍ എത്തി തിരികെപ്പോകും.