ന്യൂഡൽഹി: ദൃഢപ്രതിജ്ഞ എടുത്ത് ലോക്സഭയിൽ പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയിൽ ഉയർത്തിപിടിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. കേരള സാരിയിൽ ലോക്സഭയിലെത്തിയാണ് പ്രിയങ്ക ഗാന്ധി വയനാടിന്റെ ചുമതലയേറ്റത്.
പ്രിയങ്കയ്ക്കു പിന്നാലെ മഹാരാഷ്ട്രയിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോണ്ഗ്രസ് എംപി രവീന്ദ്ര വസന്ത്റാവു ചവാനും സത്യപ്രതിജ്ഞ ചെയ്തു. എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി കൂടി പാർലമെന്റിൽ എത്തുന്നത് കോൺഗ്രസിനു കരുത്താകുമെന്നാണ് വിലയിരുത്തൽ.
കുടുംബത്തോടൊപ്പമാണ് പ്രിയങ്ക പാർലമെന്റിൽ എത്തിയത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
സന്ദർശക ഗാലറിയിൽ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ സോണിയ ഗാന്ധിക്കു പുറമേ പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വർദ്ര, മക്കളായ മിറായ വാദ്ര, റൈഹാൻ വാദ്ര തുടങ്ങിയവരും കേരളത്തിൽനിന്നുള്ള ഏതാനും ചില കോൺഗ്രസ് പ്രവർത്തകരും പ്രിയങ്കയുടെ ചില സുഹൃത്തുകളും എത്തിയിരുന്നു.
സത്യപ്രതിജ്ഞയ്ക്കുശേഷം ലോക്സഭയിൽ പ്രിയങ്ക ഗാന്ധി ആദ്യമുന്നയിക്കുക വയനാട് ഉരുൾപൊട്ടൽ വിഷയമായിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചിരുന്നു. വയനാട് ദുരന്തനിവാരണ പാക്കേജ് വൈകുന്നത് പ്രിയങ്ക ലോക്സഭയിലെ തന്റെ കന്നി പ്രസംഗത്തിൽ ചോദ്യം ചെയ്യുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞിരുന്നു.