തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്ഷന് അർഹതയില്ലാതെ കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധനവകുപ്പ് ഉടന്‍ നോട്ടീസ് നല്‍കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അർഹതയില്ലാത്തവരും പെന്ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
സംഭവത്തിൽ കർശന നടപടിയുണ്ടാകും. സാങ്കേതിക പിഴവ് മൂലമാണോ അതോ ബോധപൂര്‍വം അപേക്ഷിച്ചതുകൊണ്ടാണോ പെന്ഷന് ലഭ്യമായതെന്ന് പരിശോധിച്ചതിനുശേഷമാണ് നടപടികളിലേക്ക് കടക്കുക. മസ്റ്ററിങ് ഉള്‍പ്പടെ കര്‍ശനമാക്കിയിട്ടും ക്ഷേമ പെന്ഷന് അനര്‍ഹരില്‍ എത്തിയത് സര്‍ക്കാരിനും നാണക്കേടാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ കൂട്ടിച്ചേർത്തു.
അതേസമയം അനധികൃതമായി സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.
സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ അർഹതയില്ലാത്ത സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റി സാന്പത്തിക തട്ടിപ്പു നടത്തിയതായാണ് കണ്ടെത്തിയത്.
വിവിധ വകുപ്പുകളിലെ പാർട്ട് ടൈം സ്വീപ്പർമാർ മുതൽ ഹയർ സെക്കൻഡറി, കോളജ് അധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും അടക്കമുള്ളവർ സാമൂഹിക സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്നതായാണ് കണ്ടെത്തൽ. ധന വകുപ്പ് നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് സർക്കാർ ജീവനക്കാരുടെ വൻ സാന്പത്തിക തട്ടിപ്പു കണ്ടെത്തിയത്.
വികലാംഗ ക്ഷേമ പെൻഷൻ, വിധവ പെൻഷൻ തുടങ്ങിയ ഇനങ്ങളിലാണ് പ്രധാനമായും സർക്കാർ ഉദ്യോഗസ്ഥർ പെൻഷൻ കൈപ്പറ്റുന്നത്.
ഒരു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്കു ക്ഷേമപെൻഷന് അപേക്ഷിക്കാൻ അർഹതയില്ല. ഈ മാനദണ്ഡം കാറ്റിൽ പറത്തിയാണ് സർക്കാർ ജീവനക്കാർ ശന്പള ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റുന്നതിനൊപ്പം ക്ഷേമപെൻഷനും വാങ്ങുന്നത്.