ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിൽനിന്നു കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനെ (കെടിഡിഎഫ്സി ) ഒഴിവാക്കിയാലും ഷോപ്പിംഗ് കോംപ്ലക്സുകൾ കെഎസ്ആർടിസിക്ക് തിരികെ ലഭിക്കില്ല. ഷോപ്പിംഗ് കോംപ്ലക്സുകളിൽനിന്നുള്ള ലാഭവിഹിതം കെഎസ്ആർടി സിക്ക് നല്കാതെ കെടിഡിഎഫ്സി കുടിശിക വരുത്തിയിരിക്കുകയാണ്. ലാഭവിഹിതത്തിന്റെ 50 ശതമാനമാണ് കരാർ പ്രകാരം കെഎസ്ആർടിസിക്ക് ലഭിക്കേണ്ടത്.
കെഎസ്ആർടിസിയുടെ കോഴിക്കോട് അങ്കമാലി, തിരുവല്ല, തിരുവനന്തപുരം ഡിപ്പോകളിലാണ് ഷോപ്പിംഗ് കോംപ്ലക്സുകൾ ഉള്ളത്. സംസ്ഥാനത്തെ ന്നെ ഏറ്റവും പ്രധാന നഗരങ്ങളിലാണ് ഷോപ്പിംഗ് കോംപ്ലക്സുകൾ. കെടിഡിഎഫ്സിയും കെഎസ്ആർടിസിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവ കെടിഡിഎഫ്സി നിർമിച്ചിട്ടുള്ളത്. ബിഒടി (ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ )വ്യവസ്ഥയിലാണ് നിർമാണക്കരാർ.
നിർമിച്ച കെട്ടിടങ്ങളിൽ 30 വർഷത്തേക്കാണ് കെടിഡിഎഫ്സിക്ക് അവകാശം. ഷോപ്പിംഗ് കോംപ്ലക്സുകൾ നിർമിച്ച് വാടകയ്ക്ക് നല്കുന്നതിൽനിന്നു ലഭിക്കുന്ന ലാഭത്തിന്റെ 50 ശതമാനം വീതംവർഷം തോറും കെഎസ്ആർടിസിക്ക് കൈമാറണമെന്നും വ്യവസ്ഥയുണ്ട്. തകർച്ചയിൽ പെട്ടുഴലുന്ന കെടിഡിഎഫ്സി ഇതുവരെ ലാഭവിഹിതമായി ഒന്നും കെഎസ്ആർടിസിക്ക് നല്കിയിട്ടില്ല.
മാത്രമല്ല ഷോപ്പിംഗ് കോംപ്ലക്സ് വാടകയ്ക്ക് എടുത്ത സ്ഥാപനങ്ങളിൽനിന്ന് വാടക പോലും കൃത്യമായി വാങ്ങുന്നില്ല.ലോട്ടറി വകുപ്പ്, ചലച്ചിത്ര വികസന കോർപറേഷൻ തുടങ്ങി സർക്കാർ ഏജൻസികൾ വരെ ലക്ഷക്കണക്കിന് കുടിശികയാണ് വരുത്തിയിരിക്കുന്നത്. വർഷങ്ങളായുള്ള ഈ കുടിശികകൾ ഈടാക്കാൻ റവന്യൂ റിക്കവറി പോലെയുള്ള നടപടികൾ പോലും സ്വീകരിക്കാൻ കെടിഡിഎഫ് സിക്ക് കഴിഞ്ഞിട്ടില്ല. ഇത് ഗതാഗത മന്ത്രി തന്നെ അടുത്തിടെ വ്യക്തമാക്കിയതാണ്.
കെടിഡി എഫ് സിയെ ബാങ്ക് കൺസോർഷ്യത്തിൽനിന്ന് ഒഴിവാക്കുന്ന നടപടികൾ ഈ മാസം തന്നെ പൂർത്തിയാകാനാണ് സാധ്യത. കെടിഡി എഫ്സിയെ ഒഴിവാക്കിയാലും കരാർ പ്രകാരം 30 വർഷ കാലാവധി പൂർത്തിയാകാതെ ഷോപ്പിംഗ് കോംപ്ലക്സുകൾ കെഎസ്ആർടിസിക്ക് തിരികെ ലഭിക്കില്ല. ഡിപ്പോകളിലെ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടങ്ങളിൽ അവകാശവുമില്ല, ലാഭവിഹിതവുമില്ല എന്ന അവസ്ഥയിലാണ് കെഎസ്ആർടിസി.
- പ്രദീപ് ചാത്തന്നൂർ