കൊച്ചി: ചലച്ചിത്ര അക്കാഡമി ചെയര്‍മാനും നടനുമായ പ്രേംകുമാറിന്റെ “എന്‍ഡോസള്‍ഫാന്‍ പോലെ വിഷമാണ് ചില സീരിയലുകള്‍’ എന്ന പരാമര്‍ശത്തിനെ മറുപടിയുമായി സീരിയല്‍ താരങ്ങള്‍. നിരവധി പേരാണ് പ്രേംകുമാറിനെതിരേ ഇതിനകം രംഗത്ത് എത്തിയത്.
ഇവിടത്തെ ചീഞ്ഞ രാഷ്ട്രീയ കളികളേക്കാള്‍ എത്രയോ ഭേദമാണ് സീരിയല്‍ എന്ന് നടി സീമ ജി നായര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ സോഷ്യല്‍ മീഡിയയും മൊബൈല്‍ ഫോണുമെല്ലാം വലിയ പങ്ക് വഹിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കാന്‍ പറ്റുമോ എന്നും സീമ ജി. നായര്‍ ചോദിച്ചു.
നമ്മുടെ കൈയിലാണ് റിമോട്ട് ഉള്ളത്. വേണ്ട എന്ന് തോന്നുന്നവര്‍ക്ക് കാണാതിരിക്കാനുള്ള ഓപ്ഷനും സ്വാതന്ത്ര്യവുമുണ്ട്. സീരിയല്‍ കണ്ടിട്ട് അതിലേതു പോലെ ചെയ്തു എന്ന് ആരുംപറഞ്ഞു കേട്ടിട്ടില്ല. പ്രായം ചെന്നവര്‍ക്കും വീട്ടില്‍ തനിച്ചായി പോകുന്നവര്‍ക്കുമൊക്കെ ആശ്വാസവും കൂട്ടുമാണ് സീരിയലുകള്‍. ഞങ്ങളെ പോലെ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതമാണിത്.
സീരിയലിന്റെ നെഞ്ചിലേക്ക് മെക്കിട്ടു കേറാതെ നന്നാക്കേണ്ടതായ കുറെ കാര്യങ്ങള്‍ വേറെയുണ്ട് ആദ്യം അവയൊക്കെ ചെയ്യു എന്നും സീമ ഫേസ്ബുക്ക് കുറുപ്പില്‍ പറയുന്നു.താന്‍ മൂന്നു മെഗാ സീരിയല്‍ എഴുതിയ ആളാണ്. തനിക്ക് അത് അഭിമാനമാണ്. സീരിയലിനെ എന്ഡോസള്ഫാനെന്നു പറഞ്ഞ പ്രേംകുമാര്‍ സീരിയലിലൂടെ തന്നെ വന്ന ആളാണ്.
ഒരു സ്ഥാനം കിട്ടി എന്നുവച്ചു തലയില്‍ കൊമ്പൊന്നും ഇല്ലല്ലോ. പാവപ്പെട്ടവര്‍ ജീവിച്ചു പൊക്കോട്ടെ ചേട്ടാ….എന്നാണ് നടന് ധര്മജന് ബോള്‍ഗാട്ടിയുടെ പ്രതികരണം.എവിടെയെങ്കിലും വീണ്ടുവിചാരം വേണ്ട പരമ്പരകള്‍ ഉണ്ടെങ്കില്‍ അത് കൃത്യമായി ചൂണ്ടി കാണിക്കേണ്ടത് അത്യാവശ്യമാണെന്നും അല്ലാതെ ഒരു ഇന്ഡസ്ട്രിയ്ക്കെതിരെയുള്ള കാടടച്ച അഭിപ്രായമല്ല വേണ്ടതെന്നുമാണ് നടന് കിഷോര്‍ സത്യ പ്രതികരിച്ചത്. ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ വിഷമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
“ചില സീരിയലുകള്‍’ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഏത് സീരിയലാണ് എന്‍ഡോസള്‍ഫാന്‍ പോലെയുള്ളതെന്ന് അദ്ദേഹം പറയണമായിരുന്നു. അല്ലാതെ അദ്ദേഹം കൂടെ ഭാഗമായ ഒരു ഇന്‍ഡസ്ട്രിയെ അടച്ചാക്ഷേപിക്കുകയായിരുന്നില്ല വേണ്ടതെന്ന് കിഷോര്‍ സത്യ പറഞ്ഞു.