നെടുമ്പാശേരി: വിദേശത്തുനിന്ന് ഓമനമൃഗങ്ങളെ കൊണ്ടുവരാനുള്ള സര്ട്ടിഫിക്കേഷന് ഒക്ടോബറില്‍ ലഭിച്ചതിനുശേഷം ആദ്യമായി കൊച്ചി വിമാനത്താവളത്തില്‍ ഒരു ഓമനമൃഗം പറന്നിറങ്ങി. സങ്കരയിനത്തില്‍പ്പെട്ട ഒരു വയസുകാരി ‘ഇവ’എന്ന വെളുത്ത പൂച്ചക്കുട്ടിയാണ് ഇന്നലെ രാവിലെ 10.17 ന് എയര്‍ ഇന്ത്യയുടെ എഐ 954 വിമാനത്തില്‍ ദോഹയില്‍നിന്നു കൊച്ചിയിലെത്തിയത്.
ഖത്തറിൽ ജോലി ചെയ്യുന്ന തൃശൂര്‍ ചേലക്കര സ്വദേശി കെ.എ. രാമചന്ദ്രന്റെ വളര്‍ത്തുപൂച്ചയാണ് ‘ഇവ.’ ഏതാനും നാൾമുന്പ് വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ‘ഇവ’യെ രാമചന്ദ്രനു ലഭിച്ചത്. കുറഞ്ഞ സമയംകൊണ്ട് അവൾ വീട്ടുകാരുടെ പ്രിയപ്പെട്ടവളായി. ഇതോടെ നാട്ടിലേക്കു മടങ്ങിയപ്പോൾ പൂച്ചക്കുട്ടിയെ വഴിയിൽ ഉപേക്ഷിക്കാൻ രാമചന്ദ്രന് മനസ് വന്നില്ല.
നെടുമ്പാശേരിയില്‍ പറന്നിറങ്ങിയ ‘ഇവ’ യ്ക്ക് കസ്റ്റംസ്, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ അനായാസമായി പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ സാധിച്ചെന്ന് വിമാനത്താവളത്തിനു പുറത്തെത്തിയ രാമചന്ദ്രന് പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് ‘പെറ്റ് എക്സ്പോര്‍ട്ട്’സൗകര്യം സിയാലില്‍ നിലവില്‍ വന്നത്.
കേന്ദ്ര മൃഗസംരക്ഷണ വകുപ്പില്‍നിന്ന് ആനിമല്‍ ക്വാറന്റൈന് ആന്‍ഡ് സര്ട്ടിഫിക്കേഷന് സര്‍വീസ് (എക്യുസിഎസ്) അനുമതി ലഭിച്ചതോടെ പെറ്റ് എക്സ്പോര്‍ട്ട്, ഇംപോര്‍ട്ട് സൗകര്യങ്ങളുള്ള കേരളത്തിലെ ഏക വിമാനത്താവളമായി സിയാല്‍ മാറി. വിപുലമായ സൗകര്യങ്ങളുള്ള പെറ്റ് സ്റ്റേഷന്, വെറ്ററിനറി ഡോക്ടറുടെ സേവനം, ക്വാറന്റൈന് സെന്റര്‍ എന്നീ സൗകര്യങ്ങള്‍ സിയാലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ പുലര്‍ച്ചെ ബെല്‍ജിയത്തില്‍നിന്ന് ഒരു നായ്ക്കുട്ടികൂടി കൊച്ചി വിമാനത്താവളത്തില്‍ എത്തുന്നുണ്ട്.