തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിച്ച ഡോ. പി. സരിന് എകെജി സെന്ററിൽ സ്വീകരണം. ഇന്നു രാവിലെ എകെജി സെന്ററിലെത്തിയ സരിനെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എ.കെ. ബാലനും ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചു. മന്ത്രി സജി ചെറിയാന് ഉൾപ്പെടെയുള്ളവർ സ്വീകരിക്കാനെത്തിയിരുന്നു.
പാര്‍ട്ടി സ്വതന്ത്രന് ഇനി പാര്‍ട്ടിയുമായി സഹകരിച്ചു മുന്നോട്ടുപോകുമെന്ന് പിന്നീട് എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സരിന് സംഘടനാ തലത്തിൽ പ്രവർത്തിക്കുമെന്നും ഘടകവും മറ്റ് ചുമതലകളും ആലോചിച്ച് തീരുമാനിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ആദ്യമായിട്ട് എകെജി സെന്ററില്‍ എത്തുന്ന ഡോ.പി സരിനെ ആവേശത്തോടുകൂടി സ്വീകരിക്കുന്ന സമയമാണിതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഭാവിയിലെ രാഷ്്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച് പാര്‍ട്ടിയും സരിനുമായിട്ടാലോചിച്ച് ആവശ്യമായ സംഘടനാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരുമാനിക്കും.
പാര്ട്ടിയുമായിട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സ്വാഭാവികമായിട്ടും ആദ്യം സാധിക്കുക. പിന്നീടാണ് സംഘടനാ മെമ്പര്‍ഷിപ്പിലേക്കും പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്കുമൊക്കെ പൂര്‍ണമായും എത്താന്‍ സാധിക്കുക.
മറ്റ് കാര്യങ്ങള്‍ സരിനുമായി ആലോചിച്ച് പാര്‍ട്ടി തീരുമാനിക്കും -എം.വി ഗോവിന്ദന് പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്റ്റെതസ്കോപ്പ് ചിഹ്നത്തില്‍ മത്സരിച്ച് സരിൻ മൂന്നാം സ്ഥാനത്തായിരുന്നു.