മെഡിക്കൽ കോളജ്(തിരുവനന്തപുരം): എക്സ്റേ എടുക്കുന്നതിൽ കാലതാമസം നേരിട്ടുവെന്ന് ആരോപിച്ച് രോഗിയുടെ കൂട്ടിരിപ്പുകാരൻ ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി. നിസാര പരിക്കേറ്റ ഇയാളെ ആശുപത്രി വാർഡിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ നാലിനാണ് സംഭവം. കൊല്ലം ഒറ്റപ്ലാമൂട് ലീലാ ഭവനിൽ ലാലു (43) ആണ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലുള്ളത്.
ലാലുവിന്റെ ബന്ധുവായ രോഗി കുറച്ചു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് എക്സ്റേ എടുക്കുന്നതിനു വേണ്ടിയാണ് പഴയ അത്യാഹിത വിഭാഗത്തിന് സമീപത്തെ എക്സ്റേ യൂണിറ്റിൽ എത്തിയത്.
എക്സ്റേ യൂണിറ്റിന്റെ ഒന്നാമത്തെ നിലയിൽ നിന്നാണ് ലാലു താഴേക്ക് ചാടിയത്. എക്സ്റേ യൂണിറ്റ് പ്രവർത്തിക്കുന്ന കോറിഡോറിലെ ഗ്ലാസ് ചവിട്ടി പൊട്ടിച്ചശേഷം പുറത്തേക്ക് ചാടുകയായിരുന്നു.
ഏകദേശം 15 അടിയോളം ഉയരത്തിൽ നിന്നാണ് ലാലു താഴേക്ക് ചാടിയത്. ശരീരത്തിന് ഒടിവുകൾ ഒന്നുമില്ലെങ്കിലും ക്ഷതം ഏറ്റതിനാലാണ് ഇയാളെ ആശുപത്രിയിലെ ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.