മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മഹായുതിയിൽ തർക്കങ്ങളില്ലെന്നു കാവൽ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ.മുംബൈയിൽ നടക്കുന്ന മഹായുതി സഖ്യത്തിന്റെ യോഗത്തിൽ മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കുമെന്നും ഷിൻഡെ വ്യക്തമാക്കി.
ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു ഷിൻഡെയുടെ പ്രതികരണം. കൂടിക്കാഴ്ച ശുഭകരമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ നേതൃത്വത്തിന്റെയും തീരുമാനം താൻ അംഗീകരിക്കുമെന്നും ഷിൻഡെ പറഞ്ഞു.
ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും ഷിൻഡെയ്ക്കൊപ്പമുണ്ടായിരുന്നു. ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ആയേക്കുമെന്ന തരത്തിലുള്ള വാർത്തകൾ വരുന്നതിനിടെയാണ് ഷിൻഡെയുടെ പ്രതികരണം. ഷിൻഡെ വീണ്ടും മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുവെന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.