കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ പ്രതിക്ക് മറ്റ് കുറ്റവാളികളുമായുള്ള ബന്ധം പോലീസ് അന്വേഷിക്കുന്നു. ഇയാള്‍ നേരത്തെ ജയിലില്‍ റിമാന്‍ഡ് തടവുകാരനായി 89 ദിവസം കഴിഞ്ഞപ്പോള്‍ ഉണ്ടായ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ആ ബന്ധം കൊലപാതകത്തിനു ഉപയോഗപ്പെടുത്തിയോ എന്നാണ് അേന്വഷിക്കുന്നത്.അക്കാലത്ത് ജയില്‍ കഴിഞ്ഞവരില്‍ ഇപ്പോള്‍ പരോളില്‍ ഇറങ്ങിയവരെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. തമിഴ്നാട്, കര്‍ണാടക, തെലുങ്കാന എന്നിവിടങ്ങളില്‍ പോലീസ് അന്വേഷണം നടന്നുവരുന്നുണ്ട്.
പ്രതിയായ തിരുവില്വാമല കുതിരംപാറക്കല് അബ്ദുല്‍ സനൂഫ് ലോറികളില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. തമിഴ്നാട്ടിലും കര്‍ണാടകയിലും തെലുങ്കാനയിലുമെല്ലാം സനൂഫിന് സുഹൃത്തുക്കളുണ്ട്.
ഈ സാധ്യത കണക്കിലെടുത്താണ് സിറ്റി പോലീസ് കമ്മീഷണറുടെയും അസി.കമ്മീഷണറുടെയും നേതൃത്വത്തിലുള്ള സംഘം അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചത്. തമിഴ്നാട്ടിലെ ഗ്രമീണമേഖലകളിലുള്പ്പെടെയുള്ള വണ്ടിതാവളങ്ങളിലാണ് പ്രധാനമായും അന്വേഷിക്കുന്നത്.
സനൂഫിന്റെ ഫോട്ടോസഹിതം വണ്ടിതാവളങ്ങളിലെ ഹോട്ടലുകളിലുള്ള ജീവനക്കാരെയും പ്രദേശവാസികളെയും കാണിച്ചാണ് പരിശോധന തുടരുന്നത്. സനൂഫിന്റെ നാട്ടിലെയും ജോലി സ്ഥലത്തെയുമെല്ലാം സുഹൃത്തുക്കളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ല് റോഡിലെ പന്തലാന്‍ വീട്ടില്‍ ഫസീല(33)യെ എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.