ഹൈദരാബാദ്: സയീദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിച്ച് കേരളത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ്. ശ്രേയസ് അയ്യർ നയിച്ച കരുത്തരായ മുംബൈക്കെതിരേയാണ് കേരളത്തിന്റെ തകർത്താടൽ എന്നതാണ് ശ്രദ്ധേയം. മത്സരത്തിൽ മുംബൈയെ 43 റണ്‍സിനു കേരളം അട്ടിമറിക്കുകയും ചെയ്തു.
പൃഥ്വി ഷാ, അംഗ്രിഷ് രഘുവൻശി, അജിങ്ക്യ രഹാനെ, ഷാർദുൾ ഠാക്കൂർ, തനുഷ് കൊടിയൻ എന്നിങ്ങനെ താരനിരയുമായി എത്തിയ മുംബൈക്കെതിരേ 20 ഓവറിൽ കേരളം അടിച്ചുകൂട്ടിയത് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 234 റണ്‍സ്. മുംബൈയുടെ മറുപടി 20 ഓവറിൽ 191/9 എന്ന സ്കോറിൽ അവസാനിച്ചു.
കേരളത്തിന്റെ റിക്കാർഡ് സ്കോർ
സയീദ് മുഷ്താഖ് അലി ടൂർണമെന്റ് ചരിത്രത്തിൽ കേരളത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ കേരളത്തിനു തുടക്കത്തിലേ ക്യാപ്റ്റൻ സഞ്ജു സാംസണിനെ നഷ്ടപ്പെട്ടു.
നാലു പന്തിൽ നാലു റണ്‍സ് നേടിയ സഞ്ജു സാംസണിനെ ഷാർദുൾ ഠാക്കൂർ ബൗൾഡാക്കി. മുഹമ്മദ് അസ്ഹറുദ്ദീൻ (13) മടങ്ങിയതിനു പിന്നാലെ സച്ചിൻ ബേബി (7) പരിക്കേറ്റു പുറത്ത്. അതോടെ കേരളം പ്രതിരോധത്തിൽ.
എന്നാൽ, മൂന്നാം വിക്കറ്റിൽ 140 റണ്‍സ് കൂട്ടുകെട്ടുമായി രോഹൻ കുന്നുമ്മലും സൽമാൻ നിസാറും കളംവാണു. 48 പന്തിൽ ഏഴു സിക്സും അഞ്ചു ഫോറും അടക്കം രോഹൻ കുന്നുമ്മൽ 87 റണ്‍സ് അടിച്ചൂകൂട്ടിയശേഷമാണ് മടങ്ങിയത്. 49 പന്തിൽ എട്ടു സിക്സും അഞ്ചു ഫോറും ഉൾപ്പെടെ 99 റണ്‍സുമായി സൽമാൻ നിസാർ പുറത്താകാതെനിന്നു.
മുംബൈക്കു നാണക്കേട്
സയീദ് മുഷ്താഖ് അലി ട്രോഫി ചരിത്രത്തിൽ മുംബൈക്കെതിരേ ഏതെങ്കിലുമൊരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഇന്നലെ കേരളം പടുത്തുയർത്തിയ 234/5. 2023ൽ ആന്ധ്രപ്രദേശിനെതിരേ പഞ്ചാബ് നേടിയ 275/6 ആണ് ടൂർണമെന്റ് ചരിത്രത്തിലെ ഉയർന്ന ടീം സ്കോർ.
മുംബൈ ഓപ്പണർമാരായ പൃഥ്വി ഷായും (13 പന്തിൽ 23), അംഗ്രിഷ് രഘുവൻശിയും (15 പന്തിൽ 16) ആക്രമിച്ചു തുടങ്ങി. എന്നാൽ, ഇരുവരെയും എം.ഡി. നിധീഷ് പുറത്താക്കി. അജിങ്ക്യ രഹാനെ (35 പന്തിൽ 68), ശ്രേയസ് അയ്യർ (18 പന്തിൽ 32) എന്നിവരാണ് മുംബൈയുടെ ടോപ് സ്കോറർമാർ.
ഷാർദുൾ Vs സൽമാൻ നിസാർ
2025 ഐപിഎൽ മേഗാ താര ലേലത്തിൽ ടീമുകൾ സ്വന്തമാക്കാതിരുന്ന രണ്ടു കളിക്കാരായിരുന്നു ഷാർദുൾ ഠാക്കൂറും സൽമാൻ നിസാറും.
മുംബൈ x കേരളം മുഷ്താഖ് അലി ട്രോഫിയിൽ 49 പന്തിൽ 99 റണ്‍സുമായി പുറത്താകാതെ നിന്ന സൽമാൻ നിസാർ ഇന്നിംഗ്സിലെ അവസാന ഓവറിൽ ഷാർദുൾ ഠാക്കൂറിനെതിരേ മൂന്നു സിക്സും ഒരു ഫോറും അടക്കം അടിച്ചുകൂട്ടിയത് 20 റണ്‍സ്.
രണ്ടു റണ്‍സ് എക്സ്ട്രാസായും ഷാർദുൾ വഴങ്ങി. മത്സരത്തിൽ നാല് ഓവറിൽ ഷാർദുൾ ഠാക്കൂർ വഴങ്ങിയത് 69 റണ്‍സ്, നേടിയത് ഒരു വിക്കറ്റ് മാത്രം. മുഷ്താഖ് അലി ട്രോഫി ചരിത്രത്തിൽ ഒരു ബൗളറിന്റെ ഏറ്റവും മോശം പ്രകടനമാണിത്. 2010ൽ മുംബൈക്കെതിരേ ഹൈദരാബാദുകാരൻ പഗദല നായിഡുവിന്റെ 1/67 എന്ന നാണക്കേടിന്റെ റിക്കാർഡ് ഷാർദുൾ (1/69) സ്വന്തം പേരിലേക്കു മാറ്റി.