സൂറത്ത്: വീട്ടുജോലി ചെയ്യാതെ ഫോണിൽ നോക്കിയിരുന്ന മകളെ ഓട്ടോ റിക്ഷാഡ്രൈവറായ അച്ഛൻ പ്രഷർ കുക്കർകൊണ്ട് അടിച്ചുകൊന്നു. ഹെതാലി എന്ന 18കാരിയാണു മരിച്ചത്. സൂറത്തിലെ ഭ്രരിമാതായിൽ നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ മുകേഷ് പാർമറെ (40) കൊലപാതക കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു.
ഒരു മാളിലെ ജോലിക്കാരിയായ പെൺകുട്ടിയുടെ അമ്മ ഗീതാബെൻ ജോലി സ്ഥലത്തായിരുന്ന സമയത്താണ് മുകേഷ് മകളെ ആക്രമിച്ചത്. അടുത്തകാലത്തായി ചില രോഗങ്ങളെ തുടർന്ന് ഇയാൾ ജോലിക്ക് പോയിരുന്നില്ല.
വീട് വൃത്തിയാക്കണമെന്ന് മകളോട് ആവശ്യപ്പെട്ടശേഷമായിരുന്നു ഗീത ജോലിക്ക് പോയത്. എന്നാൽ മകൾ ഇതനുസരിക്കാതെ ഫോണിൽ മുഴുകിയിരുന്നതോടെ മുകേഷ് പ്രകോപിതനായി മകളുടെ തലയിലടക്കം പ്രഷർ കുക്കർകൊണ്ട് അടിക്കുകയായിരുന്നു.
പെൺകുട്ടിയുടെ സഹോദരനായ 13കാരൻ സംഭവസമയത്ത് വീടിന് പുറത്ത് കളിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ ഗീത മകളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്.