കൊച്ചി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിലെ ജീവനക്കാരന് ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എറണാകുളം കാക്കനാട് കൈരളി നഗറില്‍ പി. ഉണ്ണി(54)യെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശമ്പളം മുടങ്ങിയത് മൂലം ഉണ്ണി ജീവനൊടുക്കിയതാണെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും പറയുന്നത്.
പതിനൊന്ന് മാസമായി ശമ്പളം മുടങ്ങിയിരുന്നു. ഇതില്‍ ഉണ്ണി ഏറെ വിഷമിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. മകന് പ്ലസ്ടു വിദ്യാര്‍ഥിയാണ്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉണ്ണി മാനസിക വിഷമത്തിലായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകരും പറയുന്നത്. മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കും. വിദേശത്ത് പഠിക്കുന്ന മകള്‍ എത്തിയ ശേഷമായിരിക്കും സംസ്കാരം നടക്കുക.
സംസ്ഥാന സര്‍ക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ ഏറെ നാളായി അടച്ചുപൂട്ടലിന്റെ വക്കിലാണ്. എറണാകുളം ഇരുമ്പനം, തിരുവല്ല, പിണറായി എന്നിവിടങ്ങളിലായി മൂന്ന് യൂണിറ്റുകളിലായി അഞ്ഞൂറോളം തൊഴിലാളികളാണുള്ളത്. കോടിക്കണക്കിന് രൂപയുടെ വിറ്റുവരവുണ്ടായിരുന്ന ഈ പൊതുമേഖലാ സ്ഥാപനമാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അടച്ചുപൂട്ടലിന്റെ വക്കിലായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഈ സ്ഥാപനങ്ങളിലെല്ലാം തൊഴിലാളികള്‍ ഇടവിട്ട് സമരങ്ങളും നടത്തിയിരുന്നു.
ഇതിനിടെ, ഏതാനും മാസം മുമ്പ് കമ്പനിയിലെ തൊഴിലാളികള്‍ക്കുള്ള ശമ്പള വിതരണവും പൂര്‍ണമായും നിലച്ചിരുന്നു. പിന്നാലെ വ്യവസായ മന്ത്രി പി. രാജീവ് തൊഴിലാളികളുടെ യോഗം വിളിച്ചു ചേര്‍ക്കുകയുണ്ടായി. ശമ്പള കുടിശിക തീര്‍ക്കുക എന്ന ആവശ്യമാണ് തൊഴിലാളികള്‍ മുന്നോട്ടു വച്ചത്. ഇതിനിടെ, ട്രാക്കോ കേബിള്‍ കമ്പനിയുടെ 35.5 ഏക്കര്‍ ഭൂമിയും വസ്തുവകകളും സാമ്പത്തിക പരാധീനകള്‍ തീര്‍ക്കാന്‍ ഇന്‍ഫോപാര്‍ക്കിന് കൈമാറാനുള്ള തീരുമാനമുണ്ടാകുന്നത്.
ഇതും ഒരു വിഭാഗം തൊഴിലാളികളുടെ എതിര്‍പ്പിന് ഇടയാക്കി. ട്രാക്കോ കമ്പനി തുടര്‍ച്ചയായി നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം തുടരുക ബുദ്ധിമുട്ടാണെന്നും അതിനാല്‍ സ്ഥാപനത്തിന്റെ സ്ഥലവും മറ്റും ഇന്‍ഫോപാര്‍ക്കിലേക്ക് മാറ്റുകയാണെന്നും മന്ത്രി രാജീവ് നിയമസഭയില്‍ അറിയിച്ചിരുന്നു.
ഈ ചര്‍ച്ചകള്‍ പൂര്ണവിജയത്തിലെത്തുമെന്നും മികച്ച പാക്കേജ് ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു തൊഴിലാളികള്‍. എന്നാല്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ അങ്ങനെയൊരു പാക്കേജ് ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ഉണ്ണിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നു.