കോഴിക്കോട്: കൊടുവള്ളിയില്‍ സ്വര്‍ണാഭരണ നിര്‍മാണ യൂണിറ്റ് ഉടമയിൽനിന്ന് സ്വര്‍ണം കവര്‍ന്ന സംഭവത്തിനു പിന്നിൽ ക്വട്ടേഷന്‍ സംഘമെന്നു പോലീസ്. വ്യാപാര സംബന്ധമായ തർക്കത്തെത്തുടർന്നു കൊടുവള്ളി സ്വദേശി നല്കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത തൃശൂര്‍, പാലക്കാട് കേന്ദ്രീകരിച്ചുള്ള സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് നൽകുന്ന സൂചന.
സ്വർണം തട്ടിയെടുക്കാനായിരുന്നു ക്വട്ടേഷൻ. സംഭവത്തിൽ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിയെടുത്തു.കസ്റ്റഡിയിലുള്ളവരെ കൊടുവള്ളി പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയട്ടില്ല. ബുധനാഴ്ച രാത്രി പത്തോടെ കൊടുവള്ളി-ഓമശേരി റോഡില്‍ മുത്തമ്പലത്തുവച്ചാണ് കടയടച്ച് വീട്ടില്‍ പോകുകയായിരുന്ന മുത്തമ്പലം കാവില്‍ “ദീപ’ത്തില്‍ ബൈജുവില്‍ നിന്ന് കാറിലെത്തിയ സംഘം 1.75 കിലോ സ്വര്‍ണം കവര്‍ന്നത്. ഇവരില്‍ നിന്ന് 1.30 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്.ഇനിയും പ്രതികളെ കണ്ടെത്താനുണ്ട്.
പ്രതികളെത്തിയത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തിലാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സിസിടിവിയില്‍ പതിഞ്ഞ വെള്ള കാറിന്റെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തെളിഞ്ഞത്. സ്കൂട്ടറില്‍ സഞ്ചരിച്ച ബൈജുവിനെ കാറില്‍ വന്ന സംഘം ഇടിച്ചിടുകയായിരുന്നു.
കാര്‍ നിര്‍ത്തി മുന്നു പേര് വന്ന് സ്കട്ടറില് വച്ചിരുന്നബാഗെടുത്ത് പോകാന്‍ നോക്കി. ബൈജു തടഞ്ഞെങ്കിലും തള്ളിയിട്ട് ബാഗുമായി കടന്നുകളയുകയായിരുന്നു. വര്‍ഷങ്ങളായി കൊടുവള്ളിയില്‍ സ്വര്‍ണാഭരണ നിര്‍മാണ യൂണിറ്റ് നടത്തിവരികയാണ് ബൈജു. സ്വര്‍ണാഭരണ നിര്‍മാണരംഗത്തുള്ള ചിലരുമായി ബൈജുവിന് തർക്കങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു.