ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ട പുതുച്ചേരിയിലും സമീപ ജില്ലയായ വിഴുപ്പുറത്തും കനത്ത മഴയും വെള്ളപ്പൊക്കവും. രണ്ടിടത്തും നിരവധി വീടുകളിലും ഫ്ലാറ്റുകളിലും വെള്ളം കയറി. പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 48.37 സെന്റിമീറ്റർ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്റിമീറ്റര്‍ മഴയും ആണ് 24 മണിക്കൂറിൽ ലഭിച്ചത്.
പുതുച്ചേരിയില്‍ റിക്കാഡ് മഴയാണ് പെയ്തത്. 1978ലെ 31.9 സെന്റിമീറ്റർ മഴക്കണക്കാണ് മറികടന്നത്. മഴയിൽ പുതുച്ചേരിയിലെ നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി.
13 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കടലൂർ, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയുമാണ് ഇപ്പോഴുള്ളത്. മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്.