മനുഷ്യരുമായി വേഗത്തിൽ അടുക്കുന്ന ജീവികളാണ് നായകൾ. അതുകൊണ്ട് തന്നെ നായകളുടേയും മനുഷ്യരുടേയും പല തരത്തിലുള്ള വീഡിയോകളും വാർത്തകളുമൊക്കെ വൈറലാകാറുണ്ട്.
റഷ്യയിൽ നിന്നുള്ള ബെൽക്കയുടെ കഥയാണ് ഇപ്പോൾ സൈബർ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. റഷ്യയിലെ ഉഫ മേഖലയിലെ നദിക്ക് സമീപത്ത് കൂടി സൈക്കിൾ ചവിട്ടുകയായിരുന്നു ബെൽക്കയുടെ 59 -കാരനായ ഉടമ.
അദ്ദേഹം സൈക്കിളിൽ പോകുന്പോൾ ബെൽക്കയും അദ്ദേഹത്തെ പിന്തുടരുമായിരുന്നു. അപ്പോൾ സൈക്കിൾ മറിഞ്ഞ് ബെൽക്കയുടെ ഉടമ തടാകത്തിലേക്ക് വീണു. അതുവഴി കടന്നുപോയ മറ്റൊരു യാത്രക്കാരൻ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നദിയുടെ ശക്തമായ ഒഴുക്കു കാരണം അതിന് സാധിച്ചില്ല. പിന്നാലെ, അദ്ദേഹത്തിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. പക്ഷേ, നദിയുടെ ശക്തമായ അടിയൊഴുക്കിൽ കണ്ടെത്താനായില്ല.
ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. എന്നാൽ അദ്ദേഹത്തിനായുള്ള തിരച്ചിൽ നടക്കുന്പോഴെല്ലാം തണുത്തുറഞ്ഞ ആ തടാകക്കരയിൽ ബെൽക്ക ഉടമയ്ക്കായി കാത്തിരുന്നു. വെയിലും തണുപ്പുമൊന്നും ബെൽക്കയ്ക്ക് തടസമായില്ല. മരിച്ചുപോയ തന്റെ ഉടമയെ കാത്ത് വർഷങ്ങളോളം റെയിൽവേ സ്റ്റേഷനിൽ അലഞ്ഞ ഹാച്ചിക്കോ എന്ന നായയുമായിട്ടാണ് ആളുകൾ ഇപ്പോൾ ബെൽക്കയെ താരതമ്യപ്പെടുത്തുന്നത്.