തൊടുപുഴ: കൊലക്കേസ് പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മേമുട്ടം അറക്കപ്പടിക്കൽ ശശിധര (42)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി മേമുട്ടം അനി നിവാസിൽ അനീഷ് എന്നു വിളിക്കുന്ന അനിയെ (32)യാണ് തൊടുപുഴ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. സീത ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം.
2020 ജനുവരി 15നാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ പ്രതിയുടെ വീട്ടിലിരുന്ന് ടിവിയിൽ മകരവിളക്ക് തത്സമയ സംപ്രേഷണം കണ്ടുകൊണ്ടിരുന്ന ശശിധരനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ പലക ഉപയോഗിച്ച് അടിച്ചും വാക്കത്തികൊണ്ട് വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം പിന്നീട് അരകിലോമീറ്റർ ദൂരെ ഈറ്റക്കാട്ടിൽ ഒളിപ്പിക്കുകയും ചെയ്തു. പ്രതിയുടെ ഭാര്യ സൗമ്യയെ രണ്ടാം പ്രതിയായും സോമൻ എന്നയാളെ മൂന്നാം പ്രതിയുമാക്കിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
കാഞ്ഞാർ പോലീസ് സബ് ഇൻസ്പെക്ടർ സജിമോൻ പി. ജോർജ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ വി.വി. അനിൽകുമാർ, വി.കെ. ശ്രീജേഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എബിൻ സി. കുര്യൻ ഹാജരായി.