ബിച്ചുവേട്ടൻ (ബിച്ചു തിരുമല) സ്വന്തം സഹോദരനെപ്പോലെയാണെന്ന് എം. ജി. ശ്രീകുമാർ. ഗിരീഷ് പുത്തഞ്ചേരി വരുന്നതിനു മുൻപ് ബിച്ചു ഏട്ടൻ അടക്കിവാണിരുന്ന ഒരു ലോകമാണ് മലയാളസിനിമ. ഒരു വർഷം തന്നെ നൂറ് ഗാനങ്ങൾക്കടുത്ത് അദ്ദേഹം പല സിനിമകൾക്കു വേണ്ടി എഴുതിയിട്ടുണ്ട്.
എത്ര ഗാനങ്ങൾ എഴുതിയിട്ടുണ്ടോ അതെല്ലാം ഹിറ്റുകളും വ്യത്യസ്തങ്ങളുമാണ്. ബിച്ചു ഏട്ടന്റെ കുടുംബവുമായും എനിക്ക് വലിയ അടുപ്പമുണ്ട്. ബിച്ചു ഏട്ടനെക്കുറിച്ച് എങ്ങനെ പറഞ്ഞു തുടങ്ങണമെന്നു പോലും എനിക്കറിയില്ല.
അദ്ദേഹം എഴുതിയ അയ്യപ്പഭക്തിഗാനങ്ങൾ പാടിയതോടെയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയത്. പിന്നീട് ഒരുപാട് ലളിതഗാനങ്ങൾ ഞാൻ ആലപിച്ചു. ബിച്ചു ഏട്ടന്റെ വേർപാട് വലിയ നഷ്ടമാണ്. ആ വിടവ് നികത്താൻ ആർക്കും സാധിക്കില്ല. അദ്ദേഹം ഒരു അപൂർവ ജന്മംതന്നെയാണ്. അദ്ദേഹം എഴുതുന്ന വരികളെ വർണിക്കുക വയ്യ. അത്രയും മനോഹരമാണ് അവ എന്ന് എം.ജി പറഞ്ഞു.