അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗ് ഓർഡറിൽ പിന്നോട്ട് ഇറങ്ങിയേക്കും എന്നു സൂചന. വെള്ളിയാഴ്ച അഡ്ലെയ്ഡിലാണ് ഇന്ത്യ x ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് പോരാട്ടം ആരംഭിക്കുന്നത്.
പിങ്ക് പന്ത് ഉപയോഗിച്ചുള്ള ഡേ-നൈറ്റ് മത്സരത്തിനു മുന്നോടിയായി ഇന്നലെ നടന്ന പരിശീലന മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണിംഗിൽ യശസ്വി ജയ്സ്വാളും കെ.എൽ. രാഹുലും ഇറങ്ങിയതാണ് ഈ സംശയം ഉയരാൻ കാരണം.
ഇന്ത്യയുടെ ഓപ്പണിംഗ് ജോഡിയായി ഇതുവരെ ഇറങ്ങിയത് ജയ്സ്വാളും രോഹിത് ശർമയും ആയിരുന്നു. എന്നാൽ, പെർത്തിൽ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ. രാഹുലായിരുന്നു ജയ്സ്വാളിന്റെ ഒപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ജയ്സ്വാൾ-രാഹുൽ ഓപ്പണിംഗ് കൂട്ടുകെട്ട് രണ്ടാം ഇന്നിംഗ്സിൽ 201 റണ്‍സ് നേടി. ഇന്ത്യയുടെ 295 റണ്‍സ് ജയത്തിൽ ഈ കുട്ടുകെട്ട് നിർണായകമായിരുന്നു.
അതുകൊണ്ടുതന്നെ അഡ്ലെയ്ഡിലെ രണ്ടാം ടെസ്റ്റിലും ജയ്സ്വാളും രാഹുലും ഓപ്പണ്‍ ചെയ്യും എന്നാണ് കരുതപ്പെടുന്നത്. ഓസ്ട്രേലിയൻ പ്രൈ മിനിസ്റ്റേഴ്സ് ഇലവനെതിരായ പിങ്ക് ബോൾ പരിശീലന മത്സരത്തിൽ രോഹിത് ശർമ ഉണ്ടായിരുന്നിട്ടും രാഹുൽ-ജയ്സ്വാൾ കൂട്ടുകെട്ട് ഓപ്പണ്‍ ചെയ്തത് ഇതിന്റെ സൂചനയാണെന്നും കരുതപ്പെടുന്നു.
രോഹിത് അഞ്ചാമത്
പ്രൈം മിനിസ്റ്റേഴ്സ് ഇലവന് എതിരായ പരിശീല മത്സരത്തിൽ രോഹിത് ശർമയുടെ ബാറ്റിംഗ് ഓർഡർ അഞ്ചാമതായാണ് ടീം ലിസ്റ്റിൽ ഉണ്ടായിരുന്നത്. ജയ്സ്വാൾ, രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി എന്നിവർക്കു ശേഷം. എന്നാൽ, മത്സരത്തിൽ കോഹ്ലി ക്രീസിലെത്തിയില്ല. അതോടെ രോഹിത് നാലാം നന്പറായി. 11 പന്തിൽനിന്നു മൂന്നു റണ്‍സ് മാത്രമായിരുന്നു രോഹിത് നേടിയത്.
പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പരിശീലന മത്സരത്തിൽ രാഹുൽ-ജയ്സ്വാൾ ഓപ്പണിംഗ് കൂട്ടുകെട്ട് 75 റണ്‍സ് സ്കോർ ബോർഡിലെത്തിച്ചു. അഡ്ലെയ്ഡ് ടെസ്റ്റിൽ രോഹിത്തിനെയും രാഹുലിനെയും ഉൾപ്പെടുത്താനാണ് ടീം മാനേജ്മെന്റ് ശ്രമിക്കുന്നതെന്നുള്ള സൂചനയും പരിശീലനമത്സരം നൽകുന്നു.
രോഹിത് ശർമയുടെ ഫോമാണ് ഓപ്പണിംഗ് സഖ്യത്തിൽ മാറ്റംവരുത്താൻ ടീം മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്നത്. 23, 8, 2, 52, 0, 8, 18, 11 എന്നിങ്ങനെയാണ് കഴിഞ്ഞ നാലു ടെസ്റ്റുകളിലെ എട്ട് ഇന്നിംഗ്സുകളിൽ രോഹിത്തിന്റെ പ്രകടനം.
ഇന്ത്യക്കു ജയം
പിങ്ക് ബോൾ ടെസ്റ്റിനു മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. ദ്വിദിന ടെസ്റ്റായിരുന്നു ഷെഡ്യൂൾ ചെയ്തതെങ്കിലും മഴയെത്തുടർന്ന് ആദ്യദിനം ഉപേക്ഷിച്ചു. അതോടെ രണ്ടാം ദിനം 50 ഓവർ മത്സരം നടത്താൻ തീരുമാനിച്ചു. മത്സരത്തിനിടെ മഴയെത്തിയതോടെ 46 ഓവറാക്കി ഒതുക്കി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ 43.2 ഓവറിൽ 240 റണ്‍സ് നേടി. ഓപ്പണർ സാം കോണ്‍സ്റ്റാസ് (107) സെഞ്ചുറി നേടി. ഇന്ത്യയുടെ ഹർഷിത് റാണ നാലു വിക്കറ്റ് വീഴ്ത്തി. മറുപടിക്കിറങ്ങിയ ഇന്ത്യക്കുവേണ്ടി ശുഭ്മാൻ ഗിൽ (50 റിട്ടയേർഡ് നോട്ടൗട്ട്) അർധസെഞ്ചുറി നേടി. യശസ്വി ജയ്സ്വാൾ (45), കെ.എൽ. രാഹുൽ (27 റിട്ടയേർഡ് നോട്ടൗട്ട്), നിതീഷ് കുമാർ റെഡ്ഡി (42), വാഷിംഗ്ടണ്‍ സുന്ദർ (42 നോട്ടൗട്ട്) എന്നിവരും തിളങ്ങി. ജയം സ്വന്തമാക്കിയശേഷവും നിശ്ചിത 46 ഓവറും ബാറ്റ് ചെയ്ത് 257/5 എന്ന സ്കോറിലാണ് ഇന്ത്യൻസ് ക്രീസ് വിട്ടത്.