വിട്ടു മാറാത്ത ജലദോഷവുമായി ഡോക്ടറെ കാണാൻ എത്തിയതാണ് ചൈനയിലെ സിയാൻ സ്വദേശിയായ ഷിയോമ എന്ന യുവാവ്. പല ഡോക്ടർമാരേയും ഇതിനു മുൻപ് ജലദോഷത്തിന്റെ പേരിൽ കണ്ടിട്ടുണ്ട്. എന്നാൽ അവരുടെ മരുന്നുകളൊന്നും കഴിച്ചിട്ടും യുവാവിന്റെ ജലദോഷം മാറിയില്ല.
അവസാന കച്ചിത്തുരുന്പെന്ന പ്രതീക്ഷയിലാണ് യുവാവ് സിയാൻ ഗാവോക്സിൻ ആശുപത്രിയിലെത്തിയത്. ഡോക്ടറെ കണ്ട് തന്റെ അവസ്ഥ പറഞ്ഞു. പതിവ് പോലെ അവരും ആദ്യം പറഞ്ഞത് യുവാവിന് അലർജിക് റിനിറ്റിസ് ആണെന്നാണ്.
എന്തായാലും വിദഗ്ധ പരിശോധനയ്ക്കു വേണ്ടി ഡോക്ടർ റെഫർ ചെയ്തു. അങ്ങനെ യുവാവിനെ എൻഡോസ്കോപ്പിക്ക് വിധേയനാക്കി. അപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ഓട്ടോളറിംഗോളജിസ്റ്റ് ഡോ. യാംഗ് റോംഗ് യുവാവിന്റെ മൂക്കിനുള്ളിൽ എന്തോ ഒരു സാധനം ഉണ്ടെന്ന് കണ്ടെത്തിയത്.
ഉടൻതന്നെ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഒടുവിൽ യുവാവിന്റെ നാസിക ദ്വാരത്തിൽ കുടുങ്ങിയ വസ്തു പുറത്തെടുത്തപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. അതൊരു പകിടയായിരുന്നു. ചെറിയ പ്രായത്തിൽ പകിടയെടുത്ത് മൂക്കിലിടുന്ന സ്വഭാവം തനിക്കുണ്ടായിരുന്നു. അങ്ങനെ കളിച്ചുകൊണ്ടിരുന്നപ്പോൾ മൂക്കിനുള്ളിൽ എടുത്ത് വച്ചതാകാമെന്നും ഷിയോമ പറഞ്ഞു.
കുട്ടികൾ എന്തെങ്കിലും എടുത്ത് മൂക്കിലോ വായിലോ ഇടാതിരിക്കാൻ മാതാപിതാക്കൾ നന്നായി ശ്രദ്ധിക്കണം. അത് പിന്നീട് ജീവന് തന്നെ അപകടം ചെയ്തേക്കാം എന്ന് ഷിയോമിയുടെ ശസ്ത്രക്രിയയ്ക്ക് ശേഷം ഡോ. യാംഗ് റോംഗ് പറഞ്ഞു.