സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ബിജെപി പ്രാദേശിക വനിതാ നേതാവിനെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സൂറത്തിലെ വാർഡ് 30ൽ ബിജെപിയുടെ മഹിളാ മോർച്ചാനേതാവായിരുന്ന ദീപിക പട്ടേൽ (34) ആണ് മരിച്ചത്. തനിക്ക് വലിയ സമ്മര്‍ദമുണ്ടെന്നു മരിക്കുന്നതിനു മുൻപ് ദീപിക പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ദീപികയുടെ ഭര്‍ത്താവ് കര്‍ഷകനാണ്. ഇവര്‍ക്ക് മൂന്നു കുട്ടികളുമുണ്ട്.
യുവതിയെ ആത്മഹത്യയിലേക്കു നയിച്ച കാരണം എന്തെന്നു കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നു പോലീസ് അറിയിച്ചു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ദീപികയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. കോൾ റെക്കോർഡുകളും വിശകലനം ചെയ്തു വരുന്നു.
മരിക്കുന്നതിന് മുൻപ് ദീപിക നഗരസഭാ കൗൺസിലര്‍ ചിരാഗ് സോളങ്കിയെ വിളിച്ചിരുന്നു. താൻ സമ്മർദത്തിലാണെന്നും ജീവിക്കാൻ കഴിയില്ലെന്നും ദീപിക ചിരാഗിനോട് പറഞ്ഞിരുന്നു. ചിരാഗ് എത്തി പരിശോധിച്ചപ്പോൾ ദീപികയുടെ മുറിയുടെ വാതിൽ അടച്ചിരിക്കുകയായിരുന്നു.
13, 14, 16 വയസുള്ള മക്കൾ മറ്റൊരു മുറിയിലായിരുന്നു. വാതിൽ തകർത്ത് തുറന്നു നോക്കിയപ്പോൾ ദീപിക മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയിൽ ആരെയും സംശയമില്ലെന്നു പറഞ്ഞ ബന്ധുക്കൾ മരണകാരണം കണ്ടെത്തണമെന്നു പോലീസിനോട് ആവശ്യപ്പെട്ടു.