കാശും പണ്ടവുമൊക്കെ അലമാരിയിൽ വച്ച് പൂട്ടിയിട്ട് മനുഷ്യന്റെ ഒരു ഉറക്കമുണ്ട് ഭൂതം നിധി കാക്കുന്ന പോലെ എനിക്കത് കാണുന്പോഴിങ്ങനെ തരിപ്പ് വരും സാറേ, ആ തരിപ്പോടെ മോഷ്ടിക്കുന്പോൾ കിട്ടുന്ന സുഖോണ്ടല്ലോ അത് ആളില്ലാത്ത വീട്ടിൽ നിന്ന് കിട്ടില്ല സാറേ….
ആസിഫ് അലി നായകനായ കൂമൻ സിനിമയിലെ ഡയലോഗിനെ അന്വർഥമാക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ജപ്പാനിൽ നടന്നത്. ഫുക്കുവോക്ക പ്രിഫെക്ചറിലെ ദസായിഫുവിൽ സ്വയംതൊഴിൽ ചെയ്യുന്ന ഒരാളുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഒരു യുവാവിനെ ജാപ്പനീസ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത പോലീസ് അക്ഷരാർഥത്തിൽ ഞെട്ടിത്തരിച്ചു പോയി.
സ്വന്തം മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ വേണ്ടിയാണ് മറ്റുള്ള വീടുകളിൽ യുവാവ് അതിക്രമിച്ച് കയറുന്നത്. ഇങ്ങനെ ചെയ്യുന്നത് ഇയാളുടെ ഒരു ഹോബിയാണ്, ഇതുവരെ 1,000 ലധികം വീടുകളില്‍ ഇത്തരത്തില്‍ കയറിയിട്ടുണ്ടെന്ന് യുവാവ് പറഞ്ഞു.
“ആരെങ്കിലും എന്നെ കണ്ടെത്തുമോ ഇല്ലയോ എന്ന് ചിന്തിക്കുമ്പോൾ എന്റെ കൈപ്പത്തികൾ വിയർക്കും. ഇതോടെ എനിക്ക് ആവേശം കയറും. ഈ സമയം എനിക്ക് സമ്മർദ്ദം ഒഴിവാക്കുന്നു”എന്നാണ് തന്റെ ചെയ്തികളിൽ യുവാവിനുള്ള വിശദീകരണം.
ആയിരത്തിൽ പരം വീടുകളില്‍ അതിക്രമിച്ച് കയറിയിട്ടുണ്ടെന്ന് യുവാവ് വെളിപ്പെടുത്തിയെങ്കിലും ഇയാള്‍ക്കെതിരെ ഇതുവരെ കേവലം ഒരു മോഷണ കേസു പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് പറയുന്നു.