ബംഗളുരു: പാചകവാതകം ചോർന്നതിനെ തുടർന്നുണ്ടായ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. ബംഗളൂരുവിലെ ഡിജെ ഹള്ളിയിലാണു സംഭവം. സെയ്ദ് നാസിർ പാഷ, ഭാര്യ കുൽസും, ഏഴ് വയസുകാരനായ മകൻ എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടിലെ ഗ്യാസ് സ്റ്റൗവിന്റെ റെഗുലേറ്ററിലൂടെ വാതകം ചോർന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നു പോലീസ് പറഞ്ഞു.
പാചക വാതകം ചോർന്നുകൊണ്ടിരിക്കെ അത് മനസിലാക്കാതെ കുടുംബാംഗങ്ങൾ എല്ലാവരും വീട് പൂട്ടി പുറത്തുപോയിരുന്നു. തിരികെയെത്തിയപ്പോൾ വീടിനുള്ളിൽ പാചക വാതകത്തിന്റെ ഗന്ധം അനുഭവപ്പെട്ടു.
ഇതേതുടർന്നു സെയ്ദ് നാസിർ, വാതകം പുറത്തേക്ക് കളയുന്നതിന് വേണ്ടി വീട്ടിലെ സീലിംഗ് ഫാൻ ഓൺ ചെയ്തതോടെ സ്ഫോടനം ഉണ്ടാവുകയായിരുന്നു.
സ്വിച്ച് ഓൺ ചെയ്തതും വീട് മുഴുവൻ നിറഞ്ഞുനിന്നിരുന്ന പാചക വാതകം പൊട്ടിത്തെറിച്ച് അഗ്നിഗോളമായി മാറി. ദമ്പതികളുടെ അഞ്ച് വയസുള്ള മകൾ സാരമായ പരിക്കുകളില്ലാതെ വീട്ടിൽനിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീട്ടിലെ ഓട് തകർന്ന് ശരീരത്തിൽ പതിച്ചാണ് അഞ്ച് വയസുകാരിക്ക് നിസാര പരിക്കേറ്റത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ അടുത്തുള്ള മൂന്ന് കെട്ടിടങ്ങൾക്കും തകരാറുകളുണ്ട്. റോഡരികിൽ പാനിപൂരി വിറ്റിരുന്ന ആളാണ് ഗൃഹനാഥനായ സെയ്ദ് നാസിർ പാഷ.