ന്യൂഡൽഹി: വിവാഹവാർഷിക ദിനത്തിൽ ദമ്പതികളെയും മകളെയും വീടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. സൗത്ത് ഡൽഹിയിലെ നേബ് സരായിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. രാജേഷ് (53), ഭാര്യ കോമൾ (47), മകൾ കവിത (23) എന്നിവരാണ് കൊല്ലപ്പെട്ടത്.
സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ദമ്പതികളുടെ മകൻ അർജുൻ(20) ആണു പ്രതിയെന്നു പോലീസ് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മാതാപിതാക്കൾക്ക് തന്റെ സഹോദരിയോടാണ് കൂടുതൽ ഇഷ്ടമെന്നും സ്വത്തുക്കളെല്ലാം അവൾക്ക് നൽകാൻ അവർ തീരുമാനിച്ചെന്നും അതിനാലാണ് താൻ കൊലപാതകം നടത്തിയതെന്നുമാണു അർജുന്റെ മൊഴി.
മാതാപിതാക്കൾ തന്നെ മറ്റുള്ളവരുടെ മുന്നിൽ വച്ച് അധിക്ഷേപിക്കാറുണ്ടായിരുന്നുവെന്നും അർജുൻ പറഞ്ഞു. കത്തി ഉപയോഗിച്ച് ഉറങ്ങുന്നതിനിടെ മൂവരെയും കൊലപ്പെടുത്തിയശേഷം താൻ നടക്കാൻ പോയെന്നും അർജുൻ മൊഴി നൽകി.