തമിഴിലും തെലുങ്കിലുമെല്ലാം മുന്‍നിര നായികയായ തമന്ന ഇന്ന് ബോളിവുഡിലെയും നിറ സാന്നിധ്യമാണ്. മുംബൈക്കാരിയായ തമന്നയുടെ തുടക്കം ഹിന്ദിയിലൂടെയാണെങ്കിലും കരിയറില്‍ വിജയം നേടുന്നത് തെന്നിന്ത്യന്‍ സിനിമകളിലാണ്. തമിഴിലും തെലുങ്കിലുമെല്ലാം തിരക്കുള്ള നായികയായ ശേഷമാണ് താരം ഹിന്ദിയിലേക്ക് തിരികെ വരുന്നത്. ഇന്ന് ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ച് പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നിരിക്കുകയാണ് തമന്ന.
അഭിനയത്തിന് പുറമെ തന്റെ ഡാന്‍സ് നമ്പറുകളിലൂടേയും തമന്ന ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. കാവാലാ, ആജ് കി രാത്ത് തുടങ്ങിയ പാട്ടുകളിലെ തമന്നയുടെ പ്രകടനം സമാനതകളില്ലാത്തതായിരുന്നു. പുതിയ സിനിമയായ സിക്കന്ദര്‍ ക മുക്കന്ദറിന്റെ പ്രൊമോഷന് തിരക്കുകളിലാണ് തമന്നയിപ്പോൾ.
ഇതിനിടെ സിനിമാ ലോകത്ത് സ്ത്രീ സൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടുകളെക്കുറിച്ച് സംസാരിക്കുകയാണ് തമന്ന. മെലിഞ്ഞിരിക്കുകയാണ് യഥാര്‍ഥ സൗന്ദര്യം എന്ന കാഴ്ചപ്പാടുമായാണ് ഞാന്‍ വളര്‍ന്നത്. ഈയടുത്തിറങ്ങിയ സ്ത്രീ ടുവിലെ ആജ് കി രാത്ത് എന്ന പാട്ടിലെ പ്രകടനത്തോടെയാണ് ഞാൻ എന്റെ ശരീരത്തെ അംഗീകരിക്കാന്‍ പഠിച്ചതെന്നാണ് തമന്ന പറയുന്നത്. സ്ത്രീകളുടെ സൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ച്ചപ്പാടുകളിലൂടെയാണ് ഞാന്‍ വളര്‍ന്നത്.
മെലിഞ്ഞിരിക്കുകയാണ് ഫിറ്റ് എന്ന് കരുതിയിരുന്നതായിരുന്നു എന്റെ കുട്ടിക്കാലം. അതിനാല്‍ സിനിമയിലെത്തിയപ്പോള്‍ അത്തരത്തിലുള്ള ലുക്ക് നിലനിര്‍ത്താന്‍ ഞാന്‍ എന്നില്‍ ഒരുപാട് സമ്മര്‍ദം ചെലുത്തി. എന്നാല്‍ പിന്നീട് എനിക്ക് മനസിലായി. നല്ലതെന്നു തോന്നുന്നതിന് മെലിഞ്ഞിരിക്കുന്നതുമായി ബന്ധമില്ല എന്ന്.
കാവാല പുറത്തിറങ്ങിയപ്പോള്‍ ഒരു പാര്‍ട്ടിയില്‍ വച്ചൊരു സ്ത്രീ എന്റെ അടുത്ത് വന്നു. നന്ദി, നിങ്ങള്‍ കാരണം ഞങ്ങളെ പോലുള്ള വണ്ണമുള്ള സ്ത്രീകളും അംഗീകരിക്കപ്പെടുന്നു. നിങ്ങള്‍ക്ക് നല്ല തടിയുണ്ടായിട്ടും നിങ്ങള്‍ നന്നായി ആസ്വദിച്ചാണ് ആ സിനിമ ചെയ്തത് എന്ന് പറഞ്ഞു. അപ്പോഴാണ് ഈ സ്ത്രീയെ സംബന്ധിച്ച് ഞാന്‍ തടിച്ചിയാണെന്ന് ഞാന്‍ ചിന്തിക്കുന്നത്. ഒരാളില്‍ നിന്നും അത് കേള്‍ക്കുന്നത് വരെ എനിക്ക് മനസിലായിരുന്നില്ല.
അത് മനോഹരമാണെന്ന് തോന്നി. അതായിരുന്നു ഞാന്‍ മനസിലാക്കിയത്. ഇപ്പോള്‍ എല്ലാവരുടേയും പക്കല്‍ ഫോണുണ്ട്. അതില്‍ കാമറയും. എല്ലാവരും ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവയ്ക്കുന്നു. അതിനാല്‍ എല്ലാവര്ക്കും ആ സമ്മര്‍ദ്ദമുണ്ട്. നേരത്തെ അഭിനേതാവ് ആയതിനാല്‍ എന്റെ ജോലിയുടെ ഭാഗമായിരുന്നു. എന്റെ ശരീരം നോക്കണമായിരുന്നു. പക്ഷെ ഇന്നത്തെ ചെറിയ പെണ്‍കുട്ടികള്‍ വരെ അത് ചെയ്യുന്നുണ്ട് എന്ന് തമന്ന പറഞ്ഞു.