ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ എട്ടാം ഗെയിമും സമനിലയിൽ അവസാനിച്ചു. മത്സരത്തിന്റ മധ്യഭാഗം കടന്നപ്പോൾ ഏഴും എട്ടും ഗെയിമുകളിൽ ശക്തമായ പോരാട്ടം കാഴ്ചവച്ചുകൊണ്ട് ഇന്ത്യയുടെ കൗമാരതാരം ഡി. ഗുകേഷ് ലോക ചാന്പ്യൻ ഡിങ് ലിറനു വലിയ വെല്ലുവിളി ഉയർത്തുകയാണ്.
ബ്ലാക്ക് കരുക്കളുമായി എട്ടാം മത്സരത്തിനിറങ്ങിയ ഗുകേഷിന് ഒരു സമയത്ത് ബോർഡിൽ വ്യക്തമായ മുൻതുക്കം നേടാനായെങ്കിലും വിജയത്തിലേക്കുള്ള വഴി തെളിഞ്ഞില്ല. 51 നീക്കങ്ങൾക്കുശേഷം ഇരുവരും സമനില സമ്മതിച്ചു പിരിഞ്ഞു.
വെള്ള കരുക്കൾകൊണ്ടു കളിച്ച ഗെയിമുകളിലെല്ലാം വ്യത്യസ്ത നീക്കങ്ങളാണ് ഡിങ് ലിറൻ പരീക്ഷിച്ചത്. എട്ടാം ഗെയിമിൽ മുന്പ് നടത്താത്ത സി4 നീക്കംകൊണ്ട് ഇംഗ്ലീഷ് ഓപ്പണിംഗ് രീതി സ്വീകരിച്ചു.
എട്ടാം നീക്കത്തിൽ വൈറ്റും പത്താം നീക്കത്തിൽ ബ്ലാക്കും രാജാവിനു കോട്ടകെട്ടി. 26-ാം നീക്കത്തോടെ ഗുകേഷിനു വിജയസാധ്യത കൂടുതലതായി എന്നു ‘ലീല സീറോ’ എന്ന ഫിഡെയുടെ എഐ ബേസ്ഡ് മോഡൽ കംപ്യൂട്ടർ പ്രവചനം പുറത്തുവന്നപ്പോർ ഇന്ത്യൻ ചെസ് ആരാധകർ ആവേശഭരിതരായി.
22ഉം 25ഉം നീക്കങ്ങളിലെ കൃത്യതയില്ലായ്മ ഡിങ് ലിറനെ വിഷമത്തിലാക്കി. 26-ാം നീക്കത്തിൽ വൈറ്റ് ബിഷപ്പുകൊണ്ട് ക്വീനിനെ ആക്രമിച്ചപ്പോൾ ഡി ഫയലിലെ കുതിരയ്ക്കു പകരം എ ഫയലിലെ കുതിരകൊണ്ട് പ്രതിരോധിച്ചത് ഗുകേഷിന്റെ വിജയ സാധ്യത ഇല്ലാതാക്കി.
പിന്നീട് 28-ാം നീക്കത്തിലും പിഴവു പറ്റിയപ്പോൾ വിജയ സാധ്യത വൈറ്റിനായി. പതറാതെ കരുക്കൾ കൃത്യതയോടെ നീക്കി വൈറ്റിന്റെ വിജയ സാധ്യതയെ തകർക്കാൻ ഗുകേഷിനായി.
ആവർത്തന നീക്കങ്ങളിലൂടെ ഡിങ് സമനില നിർദേശിച്ചുവെങ്കിലും ഗുകേഷിലെ പോരാട്ട വീര്യം അതിനു സമ്മതം നല്കിയില്ല. ക്വീൻകൊണ്ട് രാജാവിനെ ചെക്കു വച്ചു കളി തുടർന്ന ഗുകേഷ് വിജയ സാധ്യത കണ്ടെത്താനാകാതെ 51-ാം നിക്കത്തിനു ശേഷം സമനില സമ്മതിച്ചു.
- സോബിച്ചൻ തറപ്പേൽ