തിരുവനന്തപുരം : ശിശു ക്ഷേമ സമിതിയിൽ ചില ആയമാർ കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്ന് മുൻ ജീവനക്കാരി വെളിപ്പെടുത്തിയ സാഹചര്യത്തിൽ ശിശുക്ഷേസമിതിയിലെ മുഴുവൻ കുട്ടികളെയും വൈദ്യ പരിശോധനക്ക് വിധേയമാക്കാൻ തീരുമാനം. മെഡിക്കൽ പരിശോധനക്ക് പ്രത്യേക സംഘത്തെ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമിതി സെക്രട്ടറി ഇന്ന് ജില്ല മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകും.
മാനസിക ആരോഗ്യ വിഭാഗം ഡോക്ടർമാരെയും കൗൺസിലർമാരെയും ടീമിൽ ഉൾപ്പെടുത്തും. കുട്ടികൾക്ക് കൗൺസിലിങ് ഉൾപ്പെടെ നൽകുമെന്നാണ് ശിശു ക്ഷേമ സമിതി അധികൃതർ വ്യക്തമാക്കുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയും നിരീക്ഷണവും നടത്താൻ മോണിറ്ററിങ് സമിതിയെ കൊണ്ട് മിന്നൽ പരിശോധനയും നടത്താനുമാണ് തീരുമാനം.
കൂടുതൽ കുഞ്ഞുങ്ങൾക്ക് ആയമാരിൽ നിന്നും ഉപദ്രവം ഏറ്റിട്ടുണ്ടെങ്കിൽ കർശന നടപടി എടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.ശിശു ക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ മുറിവേൽപ്പിച്ച പുറത്ത് വരികയും പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ശിശു ക്ഷേമ സമിതി കൂടുതൽ നടപടികളിലേക്ക് കടന്നത്.
അതേ സമയം ശിശു ക്ഷേമ സമിതി ഭരണസമിതി പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടു ഇന്നലെ മഹിളാ കോൺഗ്രസ് ശിശു ക്ഷേമ സമിതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
രണ്ടര വയസുകാരിയായ കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ശിശുക്ഷേമ സമിതിയിലെ മൂന്ന് ആയമാർ അറസ്റ്റിലായത്. കരിമഠം സ്വദേശി അജിത, കല്ലന്പലം സ്വദേശി സിന്ധു , ശ്രീകാര്യം സ്വദേശി മഹേശ്വരി എന്നിവരാണ് അറസ്റ്റിലായത്.