കോഴിക്കോട്: ബിജെപിയെ പിടിച്ചുലച്ച് വീണ്ടും കോഴ ആരോപണം. സ്വകാര്യ മെഡിക്കല്‍ കോളജിന് അനുമതി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് എം.ടി. രമേശ് ഒന്പതുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി രംഗത്തെത്തിയത് മുന്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീറാണ്.
മെഡിക്കല്‍കോഴ കേസില്‍ പുനരന്വേഷണം നടത്തിയാല്‍ ബിജെപി നേതാക്കള്‍ക്കെതിരേ തെളിവു കൈമാറാന്‍ തയാറാണെന്നും നസീര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇടത് സര്‍ക്കാരിന്റെ പോലീസ് അന്വേഷിച്ച് തള്ളിക്കളഞ്ഞ കേസില്‍ ഇപ്പോള്‍ വീണ്ടും ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് എം.ടി. രമേശ് പ്രതികരിച്ചിട്ടുണ്ട്.
മുമ്പ് വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ എന്തുകൊണ്ട് ഈ ആരോപണം ഉന്നയിക്കാന്‍ നസീര്‍ തയാറായില്ലെന്നും എം.ടി. രമേശ് ചോദിക്കുന്നു. കുമ്മനം രാജശേഖരന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്താണ് ബിജെപി കേരള ഘടകത്തെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ വിവാദം ഉയര്‍ന്നത്.
പാലക്കാട് ചെര്‍പ്പുളശേരിയിലുളള സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്ന് എം.ടി. രമേശ് കോഴ വാങ്ങിയെന്നാണ് നസീറിന്റെ ആരോപണം. അന്ന് ഈ സംഭവം അന്വേഷിച്ച രണ്ടംഗ സമിതിയിലെ അംഗമായിരുന്നു എ.കെ.നസീർ. പിന്നീട് പാര്‍ട്ടിയോട് ഇടഞ്ഞ് അദ്ദേഹം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. അതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എം.ടി.രമേശിന്റെ പേര് വീണ്ടും ഉയര്‍ന്നു വരുന്നതിനിടെയാണ് മുന്‍ ബിജെപി നേതാവിന്റെ ആരോപണമെന്നതും ശ്രദ്ധേയമാണ്.