ഇന്ത്യൻ സിനിമയിലെ മഹാനടനായ കമൽ ഹാസന്റെ മകളെന്ന മേൽവിലാസവും അമിത ശ്രദ്ധയും ചെറുപ്പത്തിൽ തനിക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചതായി നടിയും ഗായികയുമായ ശ്രുതി ഹാസൻ. മാതാപിതാക്കളുടെ ഉറച്ച നിലപാടും പിന്തുണയും സ്വതന്ത്രമായി ചിന്തിക്കാനും മുന്നേറാനും തനിക്ക് പ്രചോദനവും പിൻബലവും നൽകിയതായും ശ്രുതി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ, ഇന്ന് കമൽ ഹാസൻ ഇല്ലാത്ത ശ്രുതിയെക്കുറിച്ച് തനിക്ക് സങ്കൽപിക്കാൻ പോലുമാവില്ലെന്നും അവർ പറഞ്ഞു.
ചെറുപ്പത്തിൽ എന്നെ കാണുന്ന മാത്രയിൽ എല്ലാവരും അപ്പയെ കുറിച്ചാണ് അന്വേഷിച്ചുകൊണ്ടിരുന്നത്. ഞാൻ ശ്രുതിയാണ്, എനിക്ക് എന്റേതായ വ്യക്തിത്വമില്ലേ എന്നൊക്കെയായിരുന്നു അപ്പോഴത്തെ ചിന്തകൾ. അതാ കമൽ ഹാസന്റെ മകൾ എന്ന് ആളുകൾ എന്നെ ചൂണ്ടി എപ്പോഴും പറയുമായിരുന്നു.
ഇത് കേട്ടുകേട്ട് മടുത്തതോടെ, എന്നോട് കമൽ ഹാസന്റെ മകളാണോ എന്ന് ചോദിച്ചാൽ അല്ല എന്നായിരുന്നു അന്ന് എന്റെ മറുപടി. എന്റെ പിതാവിന്റെ പേര് രാമചന്ദ്രൻ എന്നാണ്’ എന്ന് മറുപടിയും നൽകും. രാമചന്ദ്രൻ എന്നത് ഞങ്ങളുടെ ദന്ത ഡോക്ടറുടെ പേരായിരുന്നു. എന്റെ പേര് പൂജ രാമചന്ദ്രൻ എന്നാണ് ഞാൻ പലപ്പോഴും പറഞ്ഞിരുന്നത്. ആ പേര് അതിനു മാത്രമായി ഞാൻ ഊഹിച്ചുണ്ടാക്കി- ശ്രുതി വ്യക്തമാക്കി.
എന്റെ പിതാവ് നടനും പ്രശസ്തനായ വ്യക്തിയും മാത്രമായിരുന്നില്ല. ഞാൻ കണ്ട മറ്റാരേക്കാളും വ്യത്യസ്തനാണ് അദ്ദേഹമെന്ന് ചെറുപ്പം മുതൽ എനിക്ക് മനസിലായിരുന്നു. ഉറച്ച നിലപാടുകളുള്ള രണ്ടു വ്യക്തികളാണ് വളർത്തിക്കൊണ്ടു വന്നതെന്നത്, എനിക്കും എന്റെ സഹോദരിക്കും നൽകിയ കരുത്ത് ചില്ലറയല്ല. അവർ വേർപിരിഞ്ഞ ശേഷമാണ് ഞാൻ മുംബൈയിലേക്ക് മാറിയത്. ചുറ്റും അപ്പയുടെ പോസ്റ്ററുകൾ നിറഞ്ഞുനിൽക്കുന്ന ഇടത്തിൽ അദ്ദേഹത്തിന്റെ പ്രശസ്തിയിൽനിന്ന് എന്നെ മാറ്റിനിർത്തുക ബുദ്ധിമുട്ടാണ്. ഇന്ന് കമൽ ഹാസൻ ഇല്ലാത്ത ശ്രുതിയെക്കുറിച്ച് എനിക്ക് സങ്കൽപിക്കാനാവില്ല- ശ്രുതി കൂട്ടിച്ചേർത്തു.