ഫിഡെ ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ മൂന്നാംഘട്ട മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യയുടെ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും 4.5 പോയിന്റോടെ തുല്യനിലയിൽ തുടരുന്നു. ഇന്നലെ നടന്ന ഒന്പതാം റൗണ്ട് മത്സരവും സമനിലയിൽ അവസാനിപ്പിച്ചു. 2024 ലോക ചാന്പ്യൻഷിപ്പിൽ ശേഷിക്കുന്ന അഞ്ചു റൗണ്ടുകളിൽ ഡിങ് മൂന്നും ഗുകേഷ് രണ്ടും തവണ വെള്ളക്കരുക്കൾക്കൊണ്ടു കളിക്കും.
വൈറ്റ് കരുക്കളുമായി ഒന്പതാം ഗെയിമിൽ മത്സരിക്കാനിറങ്ങിയ ഗുകേഷ് ഡി4 നീക്കി കറ്റാലൻ ഓപ്പണിംഗിൽ കളിയാരംഭിച്ചു. ഇതിനെതിരേ നിംസോ ഇന്ത്യൻ ഡിഫൻസാണ് ഡിങ് ലിറൻ സ്വീകരിച്ചത്. ഏഴാം നീക്കത്തിൽ രാജാവിനെ സുരക്ഷിത സ്ഥാനത്തേക്കു നീക്കിക്കൊണ്ട് ഇരുവരും കാസിൽ ചെയ്തു.
പത്താം നീക്കത്തോടെ വൈറ്റ് സെന്ററിൽ ആധിപത്യം നേടാനും സി2, സി3 കോളങ്ങളിൽ ക്വീനും ബിഷപ്പുമെത്തി ബ്ലാക്കിന്റെ കിംഗ് സൈഡിലേക്ക് ആക്രമണത്തിനുമൊരുങ്ങുന്പോൾ ബ്ലാക്ക് ക്വീൻസൈഡ് മുന്നേറ്റങ്ങൾക്കായി തയാറെടുക്കുകയായിരുന്നു.
നീക്കങ്ങൾക്കായുള്ള സമയവിനിയോഗത്തിൽ ഈ ഗെയിമിലും പ്രാരംഭനീക്കങ്ങൾക്കായി ഡിങ് ലിറൻ കൂടുതൽ സമയമെടുത്തു.ആദ്യ പതിനാറു നീക്കങ്ങൾ പൂർത്തിയാകുന്പോൾ ഗുകേഷിനേക്കാൾ അൻപതുമിനിറ്റ് ഡിങിന് കുറവായിരുന്നു. എന്നാൽ, 22-ാം നീക്കത്തിന് 30 മിനിറ്റും 24-ാം നീക്കത്തിന് 21 മിനിറ്റുമെടുത്ത് ചിന്തയിൽ മുഴുകിയ ഗുകേഷിന് വിജയവഴിയൊരുക്കാൻ കഴിഞ്ഞില്ല.
രണ്ടു മണിക്കൂറിൽ 40 നീക്കമെന്നുള്ള സമയ നിയത്രണം മറികടക്കാൻ ഇരുവരും പിഴവില്ലാത്ത നീക്കങ്ങൾ ധൃതഗതിയിൽ പിന്നിടു നടത്തുകയുണ്ടായി. 26-ാം നീക്കത്തിൽ ഇരുവരുടെയും ക്വീനുകളും തുടർന്ന് ഓരോ റൂക്കുകളും കളത്തിനു പുറത്തേക്കു പോയി.
അവസാനം കിംഗ് റൂക്ക് എൻഡിംഗിൽ വിജയവഴിയൊരുക്കാനായി ഇരുവരും പൊരുതി. എന്നാൽ, പോർമുഖത്ത് സൈന്യവ്യൂഹങ്ങളെല്ലാം നഷ്ടമായി കളത്തിൽ ഒറ്റപ്പെട്ട രാജാക്കന്മാർ പരസ്പരം മുഖാമുഖം നിന്നപ്പോൾ ഡിങ് ലിറനും ഗുകേഷും പരസ്പരം സമാധാന ഉടന്പടിയിൽ ഒപ്പുവച്ചു.
- സോബിച്ചൻ തറപ്പേൽ