കോഴിക്കോട്: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ എലത്തൂരിലെ ഡിപ്പോയില്‍നിന്ന് ഡീസല്‍ ചോര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ മുംബൈയില്‍നിന്ന് എച്ച്പിസിഎലിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം എലത്തൂരിലെത്തി. സാങ്കേതിക തകരാറുകള്‍ അടക്കമുള്ള കാര്യങ്ങളാണ് ഇവർ പരിശോധിക്കുന്നത്.
ഡീസല്‍ ചോര്‍ന്ന സാഹചര്യത്തില്‍ ഡിപ്പോ ചുമതലയുള്ള ഗോവയിലെ സീനിയര്‍ ഡിപ്പോ മാനേജർ, എലത്തൂര്‍ ഡിപ്പോ മാനേജര്‍ എന്നിവര്‍ക്ക് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് കോഴിക്കോട് ജോയിന്റ് ഡയറക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പതിനാലു ദിവസത്തിനകം മറുപടി നല്‍കാനാണ് നോട്ടീസ്. മറുപടി ലഭിച്ചശേഷം ഇവര്‍ക്കെതിരേ കേസെടുക്കുന്ന കാര്യം തീരുമാനിക്കും.
നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ക്ക് മലിനീകരണ നിയന്ത്രണബോര്‍ഡ് ഉടനെ തുടക്കം കുറിക്കും. ഇവിടെനിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിള്‍ എറണാകുളത്തെ മലിനീകരണ നിയന്ത്രണബോര്‍ഡ് ലാബിലേക്ക് അയച്ചിട്ടുണ്ട്. റിസള്‍ട്ട് കിട്ടിയശേഷം റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കു നല്‍കും. ബോര്‍ഡ് ചെയര്‍മാനും കൈമാറും. ഒരാഴ്ചയ്ക്കകം റിസള്‍ട്ട് കിട്ടും.
എച്ച്പിസിഎലിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെങ്കിലും സാങ്കേതിക തകരാറാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. ഇന്ധനം നിറയ്ക്കുന്നതിനിടയിൽ ഉണ്ടായ സെൻസർ ഗേജ് തകരാറുമൂലമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. മെക്കാനിക്കൽ/ഇലക്ട്രോണിക് വീഴ്ചയാണ് ഇന്ധന ചോർച്ചയ്ക്ക് കാരണം. ഡിപ്പോയിൽനിന്നുള്ള ഡീസൽ ചോര്‍ച്ചയെത്തുടർന്ന് മലിനപ്പെട്ട ജലസ്രോതസുകൾ ശുദ്ധീകരിക്കാനുള്ള നടപടികൾ അടുത്ത ദിവസങ്ങളിലും തുടരും.