കോന്നി: ഛത്തീസ്ഗഡിലെ കോപർഷി ഉൾവനത്തിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികനെ ധീരമായി രക്ഷപ്പെടുത്തിയതിലൂടെ വാർത്താ പ്രാധാന്യം നേടിയ വനിതാ ക്യാപ്റ്റൻ റീനാ വർഗീസ് കോന്നിയുടെ അഭിമാനമായി.
കോന്നി ആമക്കുന്ന് കൊണ്ടോടിക്കൽ പരേതനായ സി.വി. വർഗീസിന്റെയും ഏലിയാമ്മ വർഗീസിന്റെയും മകളാണ് റീന വർഗീസ്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ ദിവസങ്ങൾക്കു മുന്പുനടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ പരിക്കേറ്റ ജവാനെയാണ് സ്വന്തം ജീവൻപോലും പണയപ്പെടുത്തി ആക്രമണഭൂമിയിൽനിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്. പൊതുമേഖലാ കന്പനിയായ പവൻ ഹംസിന്റെ ഡൗപിൻ എൻ ഹെലികോപ്റ്ററിന്റെ പൈലറ്റാണ് റീന.
കോപർഷി വനത്തിൽ ഒരാഴ്ച മുന്പ് പോലീസും സിആർപിഎഫും മാവോയിസ്റ്റുകളുമായി നടത്തിയ ഏറ്റുമുട്ടലിനിടെ വെടിയേറ്റ ഗഡ്ചിറോളി പോലീസിന്റെ സി 60 യൂണിറ്റ് കമാൻഡോ കുമോദ് അത്രത്തിനെയാറീനെയാണ് രക്ഷപ്പെടുത്തിയത്.
ഏറ്റുമുട്ടലിൽ ഇരു കാലുകളിലും മൂന്നുതവണ വെടിയേറ്റ് രക്തം വാർന്നൊലിക്കുന്നു എന്ന സന്ദേശമാണ് മഹാരാഷ്ട്ര പോലീസിന് ലഭിച്ചത്. ഉടൻ തന്നെ മഹാരാഷ്ട്ര പോലീസ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിനുള്ള ദൗത്യം പവൻ ഹംസിന്റെ ഡൗപിൻ എൻ ഹെലികോപ്റ്ററിനെ ഏല്പിച്ചതോടെ രക്ഷാ ദൗത്യം ക്യാപ്റ്റൻ റീന വർഗീസും പൈലറ്റും ഏറ്റെടുക്കുകയായിരുന്നു.
തുടർന്ന് ഇവർ ഇരുവരും കോപർഷി വനത്തിലേക്ക് പറന്നു. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന വനത്തിൽ ഇദ്ദേഹത്തെ കണ്ടെത്തുക എന്നതുതന്നെ സാഹസമായിരുന്നു. കണ്ടെത്തിയാൽത്തന്നെ തിങ്ങിനിറഞ്ഞ കാടിനുള്ളിൽ ഹെലികോപ്റ്റർ ഇറക്കി നിർത്തുക എന്നതും ശ്രമകരമായ ജോലിയായിരുന്നു.
കമാൻഡോയെ കണ്ടെത്തിയശേഷം 12 അടി മുകളിൽ ഹെലികോപ്ടർ നിർത്തിയിട്ടാണ് രക്ഷാദൗത്യം നടത്തിയത്. പാടംപോലെ കിടക്കുന്ന സ്ഥലത്ത് ഇറങ്ങാനാകുമായിരുന്നില്ല. ഹെലികോപ്ടറിന്റെ നിയന്ത്രണം സഹപൈലറ്റ് ഏറ്റെടുത്തതോടെ താഴേക്ക് ചാടുകയെന്നതു മാത്രമായിരുന്നു മുന്പിലുണ്ടായിരുന്ന വഴി. താഴെ എത്തി കമാൻഡോയെ എടുത്തശേഷം വീണ്ടും ഹെലികോപ്ടറിൽ കയറി ആശുപത്രിയിലെത്തിച്ചു.
സഹസികമായ രക്ഷാദൗത്യം വ്യാപകമായി പ്രശംസിക്കപ്പെട്ടു. മഹാരാഷ്ട്ര സർക്കാരും ആഭ്യന്തര വകുപ്പും റീനാ വർഗീസിനെ ആദരിച്ചു. പിന്നാലെ രാഷ്ട്രപതി ദ്രൗപതി മെർമു രാഷ്ട്രപതി ഭവനിലേക്ക് വിളിച്ച് ആശംസകൾ അറിയിച്ചത് ഏറ്റവും വലിയ അംഗീകാരമായി. ഒരു പൈലറ്റ ആകണമെന്ന ആഗ്രഹം ചെറുപ്പകാലത്തുതന്നെ ഉണ്ടായിരുന്നു. പത്താംക്ലാസ് വരെ മൈലപ്ര മൗണ്ട് ബഥനി സ്കൂളിലായിരുന്നു പഠനം.
തുടർപഠനം തിരുവനന്തപുരം പട്ടം സെന്റ് മേരീസിലായിരുന്നു. ഇതിനുശേഷമാണ് കോയമ്പത്തൂരിൽ എയ്റോനോട്ടിക് എൻജിനിയറിംഗ് പഠനം പൂർത്തിയാക്കിയത്. പിന്നീട് യുഎസിലെത്തിയാണ് പൈലറ്റ് പരിശീലനം നേടിയത്. 15 വർഷമായി ഹെലികോപ്റ്റർ പൈലറ്റാണ് റീന.
മുന്പ് കോവിഡ് രോഗികളെ ലക്ഷദ്വീപിൽനിന്നും ഓഖി ദുരന്തത്തിൽപ്പെട്ടവരെ നിരവധി ദീപുകളിൽ നിന്നും റീന രക്ഷിച്ചിരുന്നു. ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടക്കുമ്പോൾ അവിടെയും സജീവമായി ഉണ്ടായിരുന്നു. ഇനി ഒരു യുദ്ധവിമാനം പറപ്പിക്കണമെന്ന ആഗ്രഹമാണ് റീനയ്ക്കുള്ളത്.