കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അതിജീവിതകള്‍ക്ക് പരാതിയുണ്ടെങ്കില്‍ നോഡല്‍ ഓഫീസര്‍ ജി.പൂങ്കുഴലിയെ ബന്ധപ്പെടാം. ഭീഷണി അടക്കമുള്ള ഏത് അടിയന്തര സാഹചര്യത്തിലും നോഡല്‍ ഓഫീസറുടെ സംരക്ഷണം തേടാം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
പരാതിക്കാര്‍ നേരിടുന്ന ആക്ഷേപങ്ങളെക്കുറിച്ച് നോഡല്‍ ഓഫീസറെ അറിയിക്കാം. ഹേമ കമ്മിറ്റിക്ക് മൊഴി നല്കിയവര് ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എസ്ഐടിയോട് നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചാല്‍ പരാതിക്കാര്‍ക്ക് നോഡല്‍ ഓഫീസറെ അറിയിക്കാം. പരാതികള്‍ പരിശോധിച്ച് നോഡല്‍ ഓഫീസര്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് ഇതുവരെ ലഭിച്ച പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്നതായി എഐജി ജി. പൂങ്കുഴലി പറഞ്ഞു.