തൃശൂർ: ആനയെഴുന്നള്ളിപ്പുകളും വെടിക്കെട്ടും കോടതിവിധികൾ മൂലം പ്രതിസന്ധിയിലായ സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി തൃശൂരിലെ പൂരപ്രേമിസംഘം. നാളെ രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ പൂരപ്രേമിസംഘത്തിന്റെ നേതൃത്വത്തിൽ ഏഴുമണിക്കൂർ നീളുന്ന ഉപവാസം നടത്തും.
വരും ദിവസങ്ങളിൽ ഇക്കാര്യവുമായി ബന്ധപ്പെട്ട് കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ നാടൊട്ടുക്കും സംഘടിപ്പിക്കാനാണ് പല സംഘടനകളും നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന ആചാരസംരക്ഷണ കൂട്ടായ്മ കോടതിവിധികൾക്കെതിരെ അലയടിക്കുന്ന പ്രതിഷേധങ്ങളുടെ നേർക്കാഴ്ചയായി.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ തന്നെ കൂട്ടായ്മയിൽ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയാനെത്തിയപ്പോൾ നൂറ്റാണ്ടുകളായി തുടർന്നു വരുന്ന പൂരം, വേല, പള്ളി പെരുന്നാളുകൾ, ആണ്ട് നേർച്ചകൾ തുടങ്ങിയവ സുഗമമായി നടത്താൻ നാടൊറ്റക്കെട്ടാണെന്ന് പ്രകടമായി ബോധ്യമാവുകയായിരുന്നു.
ആഘോഷങ്ങളും ആചാരങ്ങളും കോടതിവിധികളിൽ തട്ടി മുടങ്ങുന്നതിലുള്ള ആശങ്കയും അമർഷവും പ്രതിഷേധവും പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ പരസ്യമായി തുറന്നുപറഞ്ഞു. ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവയ്ക്ക് നിയന്ത്രണങ്ങൾ വന്ന സാഹചര്യത്തിലാണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്.
രാഷ്ട്രീയപക്ഷഭേദങ്ങളില്ലാതെ രാഷ്ട്രീയപാർട്ടി നേതാക്കളും എംഎൽഎമാരും അഭിഭാഷകരും മതമേലധ്യക്ഷൻമാരും ഉത്സവങ്ങളേയും പൂരങ്ങളേയും പെരുന്നാളുകളേയുമൊക്കെ നെഞ്ചോടു ചേർത്തു കൂട്ടായ്മയിൽ പങ്കാളികളായപ്പോൾ വരാനിരിക്കുന്ന പ്രതിഷേധപ്രക്ഷോഭങ്ങൾ ശക്തമാകുമെന്ന താക്കീതുകൂടിയായി അത് മാറി.
ആന എഴുന്നള്ളിപ്പും വെടിക്കെട്ടും നടത്താൻ അപ്രായോഗിക നിർദേശങ്ങളാണ് ഒൗദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നു വന്നിട്ടുള്ളതെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് വിശദീകരിച്ചു
സംസ്ഥാനത്താകെ 3018 ഉത്സവങ്ങൾ ഉണ്ടെന്നും അതെല്ലാം വേണ്ടെന്നു വയ്ക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും യോഗം ഉദ്ഘാടനം ചെയ്ത പി. ബാലചന്ദ്രൻ എംഎൽഎ ചൂണ്ടിക്കാട്ടി. ഉത്സവങ്ങൾ മണ്ണിനെയും മനുഷ്യനെയും ബന്ധപ്പെടുത്തുന്ന ആചാരം കൂടിയാണ്. തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചപ്പോൾ സുപ്രീംകോടതിയിൽ നിയമനിർമാണം നടത്തിയാണ് നേരിട്ടത്. ഇക്കാര്യത്തിൽ കൊടിയുടെ നിറം നോക്കാതെ എല്ലാവരും ഒത്തുചേരുമെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.