പത്തനംതിട്ട: പത്തനംതിട്ട ചുട്ടിപ്പാറയിലെ സീപാസ് നഴ്സിംഗ് കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പലിനെ സ്ഥലംമാറ്റി.
കേസിൽ കുറ്റാരോപിതരായ മൂന്ന് സഹപാഠികളെ കോളജിൽ നിന്നു സസ്പെൻഡ് ചെയ്തു. നേരത്തേ ഈ കേസിൽ അറസ്റ്റിലായ കുട്ടികൾക്കെതിരേയാണ് കോളജ് നടപടിയെടുത്തത്. സീപാസിനു കീഴിൽ പത്തനംതിട്ട ജില്ലയിൽ തന്നെയുള്ള സീതത്തോട് കോളജിലേക്കാണ് പ്രിന്‍സിപ്പൽ അബ്ദുൾ അസീസിനെ സ്ഥലംമാറ്റിയത്.
പകരം സീതത്തോട് കോളജ് പ്രിൻസിപ്പൽ തുഷാരയെ ചുട്ടിപ്പാറ നഴ്സിംഗ് കോളജിലേക്കും മാറ്റിനിയമിച്ചു. കേസിൽ പ്രതികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശരി സ്വദേശി എ.ടി. അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നീ വിദ്യാര്‍ഥിനികളെയാണ് കോളജിൽ നിന്നു സസ്പെൻഡ് ചെയ്തത്.
കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന ഇവർക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം നൽകിയിരുന്നു. നഴ്സിംഗ് കോളജിലെ മനഃശാസ്ത്ര വിഭാഗം അധ്യാപകൻ സജിക്കെതിരേ അമ്മുവിന്റെ അച്ഛൻ സജീവ് ഇന്നലെ പോലീസിൽ പരാതി നൽകി. ലോഗ് ബുക്ക് കാണാതായെന്നു പറഞ്ഞ് അമ്മുവിനെ അധ്യാപകൻ സജിയും കേസിൽ കുറ്റാരോപിതരായ വിദ്യാർഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചുവെന്നാണു പരാതിയിൽ പറയുന്നത്.