നെടുങ്കണ്ടം: സാധാരണ ജനങ്ങളെ മറന്ന്, കമ്മീഷന് അടിക്കുന്ന പദ്ധതിയില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് ആരോപിച്ചു. സിഎച്ച്ആര്‍ ഭൂമി വനഭൂമിയാക്കാനുള്ള നീക്കത്തിനെതിരേ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് ആരംഭിച്ച രാപകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും ഈ സര്‍ക്കാര്‍ ഇടപെടുന്നില്ല. ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണ്. സിഎച്ച്ആറുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിന് വന്ന പിഴവു തിരുത്താന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ല. വനംവകുപ്പ് എന്താണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന് ഇതുവരെ മനസിലായിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
വന്യമൃഗശല്യത്തില്നിന്നു കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ വന്നില്ലെങ്കില്‍ കര്‍ഷകര്‍ സ്വയംരക്ഷയ്ക്കുള്ള മാര്‍ഗം സ്വീകരിക്കണം. മനുഷ്യനെ കൊല്ലാന്‍ വരുന്ന മൃഗങ്ങളെ മനുഷ്യര്‍ കൊല്ലണം. ചിലര്‍ മനുഷ്യരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാല്‍, ഞങ്ങള്‍ മനുഷ്യര്‍ക്ക് ദ്രോഹം ചെയ്യുന്ന വന്യമൃഗങ്ങളെ കൊല്ലാനാണ് ആഹ്വാനം ചെയ്യുന്നത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരേ സമരം ചെയ്ത് ചുളുവില്‍ എംപിയായവര്‍ ഇപ്പോള്‍ മാളത്തിലാണ്. ജില്ലയിലെ ഭൂ വിഷയങ്ങളില്‍ ഇടതുപക്ഷ എംഎല്‍എമാരും ജില്ലയിലെ മന്ത്രിയും ഇടപെടുന്നില്ലെന്നും കര്‍ഷക വിഷയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.ഒരു കര്‍ഷകനെപ്പോലും സ്വന്തം കൃഷിഭൂമിയില്‍നിന്നും വീട്ടില്‍നിന്നും ഇറക്കിവിടാന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയന്, അഡ്വ. എസ്. അശോകന്, മുൻ എംഎൽഎ എ.കെ. മണി, എം.എന്‍. ഗോപി, സേനാപതി വേണു, ജോയി വെട്ടിക്കുഴി, സി.പി. കൃഷ്ണന്, ജോസ് മുത്തനാട്ട്, പഴകുളം സതീഷ്, ജി. മുരളീധരന്, റഷീദ് ഈരാറ്റുപേട്ട, ബി. ശശിധരന് നായര്‍, ബിജോ മാണി, സി.എസ്. യശോധരന്, ജോയി കുന്നുവിള, ജോസ് മുത്തനാട്ട്, അജയ് കളത്തികുന്നേല്, കെ.എ. ഏബ്രഹാം, ജോസ് ആനക്കല്ലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമരം ഇന്ന് ഉച്ചയ്ക്ക് സമാപിക്കും. സമാപന സമ്മേളനം എഐസിസി അംഗം ഇഎം. ആഗസ്തി ഉദ്ഘാടനം ചെയ്യും.