മാട്രിമോണിയല്‍ സൈറ്റുകളിലൂടെ പെണ്‍കുട്ടികളെ വലവീശി പിടിക്കുന്ന വീരന്മാരുണ്ടെന്ന് ഇടക്കാലത്ത് മാധ്യമവാര്‍ത്തകള്‍ വന്നിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ മാട്രിമോണിയല്‍ സൈറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും മാട്രിമോണിയല്‍ വഴിയുള്ള തട്ടിപ്പ് അവസാനിച്ചിട്ടില്ലെന്നാണ് ഈ വാര്‍ത്ത സൂചിപ്പിക്കുന്നത്. ഹൈദരാബാദ് സ്വദേശിനിയായ യുവതിക്കാണ് വിവാഹ വെബ്സൈറ്റ് ചതിക്കെണിയായത്. വഞ്ചിച്ചതാകട്ടെ രണ്ടു കുട്ടികളുടെ അച്ഛനായ മലയാളിയും. യുകെയില്‍ താമസക്കാരനാണെന്നു പരിചയപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ബംഗളൂരുവിലെ ഒരു ഐടി കമ്പനിയില്‍ അഡ്മിനിസ്ട്രേറ്റര്‍ ആയി ജോലി ചെയ്യുന്ന ശശിധരന് കാട്ടിരി എന്ന 43കാരനാണ് അറസ്റ്റിലായത്. ഏഴരലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
പോലീസ് പറയുന്നതിങ്ങനെ: ഒരു മാട്രിമോണിയല്‍ വെബ്സൈറ്റില്‍ ഇയാള്‍ പേര് രജിസ്റ്റര്‍ ചെയ്തു. ഇതേ സൈറ്റില്‍ തന്നെ ഹൈദരാബാദ് സ്വദേശിനിയായ യുവതിയും പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ഹൈദരാബാദിലെ മധാപൂര് ഏരിയയില്‍ നിന്നുള്ളയാളാണ് യുവതി. യുവതിയുടെ പ്രൊഫൈല്‍ കണ്ട ഇയാള്‍ പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് റിക്വസ്റ്റ് അയച്ചു. യുവതി ഇയാളോടു ചാറ്റിംഗ് തുടങ്ങി. ഒടുവില്‍ ഇരുവരും വിവാഹം കഴിക്കാമെന്നു തീരുമാനിച്ചു. യുവതിയുടെ വീട്ടില്‍ വച്ച് വിവാഹം നടത്താമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. അതും പെണ്‍കുട്ടി സമ്മതിച്ചു. ഇതിനു ശേഷമാണ് ഇയാള്‍ യുവതിയില്‍ നിന്നും പണം ആവശ്യപ്പെട്ടത്. കല്യാണവും ഹണിമൂണും അങ്ങനെ കടന്നുപോയി.
ഒരുദിവസം തിരികെ ബ്രിട്ടനിലേക്ക് പോകാമെന്ന് ഇയാള്‍ പറഞ്ഞു. ആദ്യം താന്‍ പോയ ശേഷം ഭാര്യയെയും കൊണ്ടുപോകാം. യുവതി ഇതു സമ്മതിക്കുകയും ചെയ്തു. വിസയ്ക്കായി ഏഴരലക്ഷം രൂപ ആവശ്യമുണ്ടെന്ന് ഇയാള്‍ പറഞ്ഞു. ഭര്‍ത്താവില്‍ വിശ്വാസമുള്ള യുവതി ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുത്തു. പണം ലഭിച്ച ശേഷം ഇയാള്‍ മുങ്ങി. പിന്നീട് ശശിധരനെ കുറിച്ച് വിവരം ഒന്നും ഉണ്ടായിരുന്നില്ല. മൊബൈലില്‍ വിളിച്ചപ്പോള്‍ നമ്പര്‍ മാറ്റിയിരുന്നു. അതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.